2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ നിരവധി നഗരങ്ങളിലെ വാടക നിരക്കുകള്‍ താഴ്ന്നതായി പുതിയ ഡാറ്റ. തുടര്‍ച്ചയായ വര്‍ദ്ധനവുകള്‍ മൂലം വാടകക്കാര്‍ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഈ ശുഭവാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടനില്‍ ഒരു വീട് മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി വാങ്ങുന്നതാണോ, വാടകയ്ക്ക് താമസിക്കുന്നതാണോ കൂടുതല്‍ ലാഭകരം എന്ന ചോദ്യം നിലനില്‍ക്കവെയാണ് വാടക നിരക്ക് താഴുന്ന സൂചന വരുന്നത്.
വര്‍ഷങ്ങളായി ഇത്തരമൊരു മാറ്റം വാടക മേഖലയില്‍ കണ്ടിരുന്നില്ല. സൂപ്ല നല്‍കുന്ന വിവരങ്ങള്‍ പ്രകാരം നോട്ടിംഗ്ഹാമിലെ ശരാശരി വാടക 1.4 ശതമാനവും, ബ്രൈറ്റണില്‍ 1.1 ശതമാനവും, യോര്‍ക്ക്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ 0.4 ശതമാനവുമാണ് നിരക്ക് കുറഞ്ഞത്. കേംബ്രിഡ്ജ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ 0.3 ശതമാനം കുറവും നേരിട്ടു.
മേയ് മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ വാടക നിരക്കുകള്‍ കുതിച്ചുയരുന്ന സീസണാണ്. നിരക്ക് താഴുന്നത് കുറഞ്ഞ തോതിലാണെങ്കില്‍ പോലും വാടക വിപണിയിലെ സന്തുലിതാവസ്ഥ മാറിമറിയുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സൂപ്ല പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഇരട്ട അക്കത്തിലുള്ള വാര്‍ഷിക വര്‍ദ്ധനവുകളാണ് വാടകക്കാര്‍ക്ക് നേരിടേണ്ടി വന്നത്. ഈ സമയത്ത് ശരാശരി വരുമാനത്തേക്കാള്‍ വേഗത്തിലാണ് വാടക ഉയര്‍ന്നത്. 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെ കാലയളവില്‍ പുതുതായി വാടകയ്ക്ക് നല്‍കിയ വീടുകളുടെ ശരാശരി നിരക്ക് 10 ശതമാനം ഉയര്‍ന്നിരുന്നു. ഇത് ഈ വര്‍ഷം ഏപ്രില്‍ ആയതോടെ 6.6 ശതമാനത്തിലേക്കാണ് കുറഞ്ഞത്. രണ്ടര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന റെന്റല്‍ ഇന്‍ഫ്‌ളേഷനാണ് ഇത്.