ഹൗസിംഗ് വിപണിയില്‍ കാലെടുത്ത് കുത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പിന്തുണയുമായി ലേബര്‍. 'ഫ്രീഡം ടു ബൈ' സ്‌കീമെന്ന പേരിലാണ് ഹൗസിംഗ് മേഖലയിലേക്ക് യുവാക്കള്‍ക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുന്നത്. നിലവിലെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ജൂലൈ 4 തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ഥിരപ്പെടുത്തുമെന്നാണ് പാര്‍ട്ടി പ്രഖ്യാപിക്കുക.
വലിയ ഡെപ്പോസിറ്റുകള്‍ സ്വരൂപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗവണ്‍മെന്റ് ഗ്യാരണ്ടറായി നില്‍ക്കുന്നതാണ് മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം. കൂടാതെ പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കുമെന്നും കീര്‍ സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ക്കും. ഹൗസിംഗ് ടാര്‍ജറ്റ് അവതരിപ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തില്‍ 1.5 മില്ല്യണ്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.
'14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഭരണത്തിനൊടുവില്‍ ഭവന ഉടമസ്ഥത കഠിനാധ്വാനം ചെയ്യുന്ന പലര്‍ക്കും കൈയെത്തി പിടിക്കാന്‍ കഴിയാത്ത സ്വപ്‌നമായി മാറിക്കഴിഞ്ഞു. എല്ലാം ശരിയായി ചെയ്തിട്ടും ഇവര്‍ക്ക് അനങ്ങാന്‍ പോലും കഴിയുന്നില്ല, ആജീവനാന്തം വാടകക്കാരായി കഴിയുന്ന തലമുറയായി മാറുകയാണ്', സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു.
താന്‍ പ്രധാനമന്ത്രിയായാല്‍ ഭവനം സ്വന്തമാക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി മാറ്റുമെന്ന് ലേബര്‍ നേതാവ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ ലേബര്‍ 2000 പൗണ്ട് വരെ നികുതി വര്‍ദ്ധിപ്പിക്കുമെന്ന് ടോറി ട്രഷറി ചീഫ് സെക്രട്ടറി ലോറാ ട്രോട്ട് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഫാമിലി ഹോം ടാക്‌സ് ഗ്യാരണ്ടിയെ പിന്തുണയ്ക്കാത്ത നിലപാട് ലേബര്‍ നികുതി പിടിച്ചെടുക്കുമെന്ന ശക്തമായ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.