ഹാരിയും, മെഗാനും പടിക്ക് പുറത്ത് പോയതോടെ ഇനിയെല്ലാം വില്ല്യമിന്റെ കരങ്ങളില്‍ എന്നതായിരുന്നു സ്ഥിതി. എന്നാല്‍ സാക്ഷാല്‍ ചാള്‍സ് രാജാവിനും, വില്ല്യമിന്റെ പത്‌നി കെയ്റ്റിനും ക്യാന്‍സര്‍ കണ്ടെത്തുകയും, ചികിത്സ നല്‍കുകയും ചെയ്തതോടെ രാജകുടുംബത്തില്‍ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.
ഹാരിയും, മെഗാനും വെറുക്കപ്പെട്ടവരുടെ പട്ടികയില്‍ ആണെങ്കിലും, അവരുടെ മക്കള്‍ ചാള്‍സ് രാജാവിന് ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. യുഎസിലുള്ള ആര്‍ച്ചിയെയും, ലിലിബെറ്റിനെയും വീഡിയോ കോളില്‍ കാണുന്ന ചാള്‍സിന് ഇതുകൊണ്ട് തൃപ്തിയാകുന്നില്ലെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
ഫെബ്രുവരി മുതല്‍ ക്യാന്‍സര്‍ ചികിത്സയിലുള്ള രാജാവ് അഞ്ച് വയസ്സുകാരനായ ആര്‍ച്ചിക്കും, രണ്ട് വയസ്സുകാരി ലിലിബെറ്റിനും ഒപ്പം ബന്ധം കെട്ടിപ്പടുക്കാന്‍ മുന്‍പത്തേക്കാള്‍ ഏറെ ആഗ്രഹിക്കുന്നുവെന്നാണ് രാജകീയ വൃത്തങ്ങള്‍ മിററിനോട് വെളിപ്പെടുത്തിയത്. ജനിച്ച ശേഷം കൈയിലെണ്ണാവുന്ന തവണ മാത്രമാണ് ഇവരെ നേരിട്ട് കാണാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളത്.
ഹാരിയും, മെഗാനും രാജകുടുംബവുമായി അകന്ന് കഴിയുന്നതിനാല്‍ ഇവര്‍ക്കൊപ്പമുള്ള സമയം കൂടി നഷ്ടമാകുന്നുവെന്നാണ് രാജാവിന്റെ ചിന്ത. കഴിഞ്ഞ ആഴ്ച പിറന്നാള്‍ ആഘോഷിച്ച ലിലിബെറ്റിന് ഹൃദ്യമായ പിറന്നാള്‍ സമ്മാനവും, കാര്‍ഡുമാണ് ചാള്‍സ് അയച്ചുനല്‍കിയതെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. പേരക്കുട്ടികളുടെ ജീവിതത്തില്‍ സന്നിഹിതരാകാന്‍ തന്നെയാണ് രാജാവ് ഉദ്ദേശിക്കുന്നതെന്നും ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.