എന്തൊക്കെ സംഭവിച്ചാലും വിജയിക്കും. പിന്നെ കൂടുതല്‍ എന്ത് പറയാന്‍ ഇരിക്കുന്നു. ഇതാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവരുമ്പോഴുള്ള പൊതു അവലോകനം. മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് അപ്പുറം കൂടുതല്‍ സര്‍പ്രൈസ് പദ്ധതികള്‍ ഇല്ലാതെ കീര്‍ സ്റ്റാര്‍മര്‍ ജൂലൈ 4 പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രകടനപത്രിക പുറത്തുവിട്ടു.
സാമ്പത്തിക വളര്‍ച്ചയെ ത്വതിരപ്പെടുത്തി ബ്രിട്ടനെ പുനര്‍നിര്‍മ്മിക്കുമെന്നാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. മാറ്റം എന്ന് പേരിട്ട രേഖ പ്രകാരം 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന്റെ പേജ് മറിക്കുമെന്നാണ് ലേബര്‍ നേതാവ് വ്യക്തമാക്കുന്നത്. കൃത്യമായ പ്ലാനിംഗ് നിയമങ്ങളും, ബിസിനസ്സ് നിക്ഷേപം വര്‍ദ്ധിച്ചും ധനസമ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് സ്റ്റാര്‍മര്‍ പറയുന്നു.
പുതിയ നയങ്ങള്‍ പ്രഖ്യാപിച്ച് വെടിക്കെട്ട് നടത്താനില്ലെന്നും, താന്‍ സര്‍ക്കസിലെ സ്ഥാനാര്‍ത്ഥിയല്ല, പ്രധാനമന്ത്രി പദത്തിലേക്കാണ് മത്സരിക്കുന്നതെന്നും സ്റ്റാര്‍മര്‍ ന്യായീകരിച്ചു. പ്രകടനപത്രികയില്‍ ഉള്‍പ്പെട്ട നയങ്ങള്‍ ഇവയാണ്:
- ഇംഗ്ലണ്ടിലെ എല്ലാ പ്രൈമറി സ്‌കൂളുകളിലും സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബ് ആരംഭിക്കും
- എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കും, പുതിയ സിടി സ്‌കാനറുകളും, എക്‌സ്ട്രാ ഡെന്റിസ്റ്റ് അപ്പോയിന്റ്‌മെന്റുകള്‍ക്കുമായി 1.6 ബില്ല്യണ്‍ പൗണ്ട്
- ഇംഗ്ലണ്ടില്‍ 8500 മെന്റല്‍ ഹെല്‍ത്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യും
- ബലാത്സംഗ കേസുകളില്‍ വിചാരണയ്ക്കായി 80 പുതിയ സ്‌പെഷ്യലിസ്റ്റ് കോടതികള്‍
- അടുത്ത തലമുറ സിഗററ്റ് വാങ്ങുന്നതിന് വിലക്ക്
രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള പുതിയ എനര്‍ജി നിക്ഷേപ കമ്പനി, കൂടുതല്‍ പോലീസ് ഓഫീസര്‍മാര്‍, പാസഞ്ചര്‍ റെയില്‍ മേഖല ദേശസാത്കരിക്കുക എന്നിങ്ങനെ പല പദ്ധതികളും മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം പ്രഖ്യാപിച്ച പദ്ധതികള്‍ തങ്ങളെ അധികാരത്തിലെത്തിക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രതീക്ഷ. അതിനാല്‍ വിശദാംശങ്ങള്‍ ഇല്ലാതെയുള്ള പദ്ധതികളെ കടന്നാക്രമിക്കാനാകും ടോറികളുടെ ലക്ഷ്യം.