നഴ്‌സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന മതിപ്പും, ബഹുമാന്യതയും വളരെ വ്യത്യസ്തമാണ്. ഡോക്ടര്‍മാര്‍ക്കൊപ്പം, ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ മുന്നില്‍ നഴ്‌സുമാര്‍ക്ക് മാന്യത ലഭിക്കുന്നു. സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം നല്‍കുന്നതിന്റെ ഉപകാരസ്മരണയാണ് ഈ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരത്തില്‍ ബഹുമാന്യമായ സേവനം നല്‍കിയ ചില്‍ഡ്രന്‍സ് നഴ്‌സിന്റെ അന്ത്യയാത്രയില്‍ ആശുപത്രി ജീവനക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ണ് നനയിക്കുന്നത്.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ നിര്‍ത്തലാക്കിയ ശേഷം അവയവങ്ങള്‍ ദാനം ചെയ്യാനായി കൊണ്ടുപോകുമ്പോഴാണ് സഹജീവനക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഫ്രെന്‍സോയിലെ കമ്മ്യൂണിറ്റി റീജ്യണല്‍ മെഡിക്കല്‍ സെന്ററിലെ ഇടനാഴിയില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളും, സഹജീവനക്കാരും ചേര്‍ന്നാണ് 58-കാരി പാട്രിസ് സാന്‍ഡേഴ്‌സിനെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയത്.
ആശുപത്രി ബെഡിന് പിന്നില്‍ നടക്കവെ നഴ്‌സിന്റെ സഹോദരി പേയ്ജ് കണ്ണീരോടെയാണ് നടക്കുന്നത്. ആദ്യം ഗ്യാസ്‌ട്രോഎന്റെറിസ്റ്റിസ് സ്ഥിരീകരിച്ച പാട്രിസിന് ബൈലാറ്ററല്‍ സ്‌ട്രോക്ക് നേരിട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി വഷളായി വരികയും ചെയ്തു.
അവയവദാനത്തിനായി കൊണ്ടുപോകുന്ന നഴ്‌സിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമേകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. നഴ്‌സുമാര്‍ കരയുകയും, മറ്റുള്ളവര്‍ വിഷമത്തോടെ കൈകകള്‍ അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 36 വര്‍ഷക്കാലം വാലി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു പാട്രിസ്.