ബ്രിട്ടനില്‍ വംശവെറി ലവലേശമില്ലെന്ന് അവകാശപ്പെടാന്‍ ആര്‍ക്കും ധൈര്യം വരില്ല. പല തരത്തിലുള്ള വംശവെറികള്‍ ദിവസേനയെന്നോണം പലരും അനുഭവിച്ച് വരുന്നുണ്ട്. ഇതിനിടയിലാണ് കറുത്തവര്‍ഗ്ഗക്കാരനായ ഒരു യുവ സൈനികന് നേരെ ആര്‍മി ഇന്‍സ്ട്രക്ടര്‍ നടത്തുന്ന ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ മെയില്‍ പുറത്തുവിട്ടത്. ഇതോടെ സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
ജൂനിയര്‍ സൈനികനെ ചെളിവെള്ളത്തില്‍ നിര്‍ബന്ധിതമായി കിടത്തുകയും, പ്രസ് അപ്പ് ചെയ്യിപ്പിക്കുകയും ചെയ്യുന്ന നോണ്‍-കമ്മീഷന്‍ഡ് ഓഫീസര്‍ ട്രെയിനിയുടെ നേരെ കുനിഞ്ഞ് ക്യാപ്പ് വലിച്ചൂരി എടുത്ത് 'നിന്റെ തലയില്‍ ഇടിക്കുമെന്ന്' ആക്രോശിക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നോര്‍ത്ത് യോര്‍ക്ക്ഷയര്‍ കാറ്റെറിക്കിലെ സൈന്യത്തിന്റെ ഇന്‍ഫാന്‍ട്രി ട്രെയിനിംഗ് സെന്ററിലെ പരേഡ് സ്‌ക്വയറില്‍ ഇക്കഴിഞ്ഞ ആഴ്ചകളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ വീഡിയോ തെളിവായി ചിത്രീകരിക്കപ്പെട്ടില്ലായിരുന്നെങ്കിലും ഒരു ശിക്ഷയും ലഭിക്കാതെ കോള്‍ഡ്‌സ്ട്രീം ഗാര്‍ഡ്‌സിലെ എന്‍സിഒ രക്ഷപ്പെടുമായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്ട്രക്ടറെ നീക്കം ചെയ്ത സൈന്യം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. മറ്റ് റിക്രൂട്ടുകളുടെ മുന്നില്‍ വെച്ചാണ് വംശീയത ഉള്‍പ്പെടുന്ന വാക്കുകള്‍ ഉള്‍പ്പെടെ പ്രയോഗിച്ച് ഇന്‍സ്ട്രക്ടര്‍ തന്റെ രോഷം കാണിച്ചത്. സൈന്യത്തിന്റെ വാല്യൂസ് & സ്റ്റാന്‍ഡേര്‍ഡ്‌സ് പോളിസിയുടെ ലംഘനമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
യുകെ സായുധ സേനകളിലെ ജൂനിയര്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യകള്‍ ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഇത്തരം മോശം പെരുമാറ്റങ്ങളാണെന്ന് വ്യക്തമാകുന്നതിനിടെയാണ് ജൂനിയര്‍ ഉദ്യോഗസ്ഥന് ചെളിവെള്ളത്തില്‍ കിടക്കേണ്ടി വന്നത്.