ബ്രിട്ടന്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. എന്നാല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഉള്‍പ്പെടെ പലതില്‍ നിന്നും ബ്രിട്ടന്‍ പരിപൂര്‍ണ്ണമായി പിന്‍വാങ്ങിയിട്ടുമില്ല. രണ്ട് വഞ്ചിയില്‍ കാലുവെച്ചുള്ള ഈ പരിപാടിയാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തുരങ്കം വെയ്ക്കുന്നത്.
ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു വിഷയമാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലേക്ക് എത്തുന്നത്. ചെറുപ്രായത്തില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികളുടെ ഭാര്യയാകാന്‍ ഇറങ്ങിത്തിരിച്ച ഷമീബാ ബീഗത്തിന്റെ കേസാണ് യൂറോപ്യന്‍ കോടതിയിലേക്ക് നീങ്ങുന്നത്.
റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വം തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിഹാദി വധുവിന്റെ കേസുമായി ഇവരുടെ അഭിഭാഷകര്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുന്നത്. ഇനിയൊരു അപ്പീല്‍ നല്‍കാന്‍ കഴിയില്ലെന്ന് ലണ്ടനിലെ സുപ്രീം കോടതി ജസ്റ്റിസുമാര്‍ പ്രഖ്യാപിച്ചതോടെയാണ് മറ്റ് വഴികളില്ലാതെ സ്ട്രാറ്റ്ബര്‍ഗ് കോടതിയില്‍ നിന്നും മാറ്റം പ്രതീക്ഷിച്ച് ബീഗത്തിന്റെ അഭിഭാഷകര്‍ തയ്യാറെടുക്കുന്നത്.
തന്റെ പൗരത്വം റദ്ദാക്കിയതിന് എതിരെ 24-കാരി സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷനെ സമീപിച്ചെങ്കിലും ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ അപ്പീല്‍ തള്ളുകയായിരുന്നു. 2015-ല്‍ പതിനഞ്ച് വയസ്സ് മാത്രമുള്ളപ്പോള്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് യാത്ര ചെയ്താണ് ബീഗം ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നത്. സിറിയന്‍ അഭയാര്‍ത്ഥി ക്യംപില്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ പൗരത്വം റദ്ദാക്കുന്നത്. ഇന്നലെയാണ് യുകെയിലെ പരമോന്നത കോടതി ബീഗത്തിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച വിധി പുറപ്പെടുവിച്ചത്.