ബ്രിട്ടീഷ് ക്രിമിനല്‍ ചരിത്രത്തിലെ ഭയപ്പെടുത്തുന്ന കേസായിരുന്നു നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കൊലപാതക പരമ്പര. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ജനിച്ചുവീഴുന്ന കുട്ടികളെ കൊലപ്പെടുത്തുന്ന നഴ്‌സ് എന്ന വിവരം ആരെയും ഭയപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. നിരവധി കൊലക്കേസുകളും, വധശ്രമങ്ങളും ചുമത്തപ്പെട്ട ലെറ്റ്ബി ജീവപര്യന്തം നേരിട്ട് വരികയാണ്.
ഇതിനിടെയാണ് ഇവരെ കുടുക്കിയ ചില തെളിവുകളിലെ പിശകുകള്‍ പുറത്തുവന്നത്. ഇപ്പോഴിതാ 'താനൊരു പിശാചാണെന്ന്' ലെറ്റ്ബി കുറിച്ച കത്ത് ഒരു കൗണ്‍സിലറുടെ ഉപദേശപ്രകാരം എഴുതിയതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കൊലയാളി സ്വയം നടത്തിയ കുറ്റസമ്മതമെന്ന നിലയിലാണ് പ്രോസിക്യൂട്ടര്‍മാര്‍ ഈ കത്തിനെ കോടതിയില്‍ പിന്നീട് അവതരിപ്പിച്ചത്.
ആശുപത്രിയിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നിന്നും തന്നെ മാറ്റിയ സമയത്ത് ആശങ്കയില്‍ എഴുതിയ കുറിപ്പാണിതെന്ന് ലെറ്റ്ബി വെളിപ്പെടുത്തിയിരുന്നു. പോലീസ് ഇവരുടെ ഡയറിയില്‍ നിന്നും കണ്ടെത്തിയ കത്ത് ഒരു തെളിവായാണ് കണക്കാക്കിയത്. എന്നാല്‍ താന്‍ എന്തെങ്കിലും കുറ്റം ചെയ്തത് കൊണ്ടല്ല, മറിച്ച് ആളുകള്‍ തനിക്ക് നല്‍കുന്ന അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വിധം സ്വയം കുറ്റപ്പെടുത്തിയതെന്ന് ലെറ്റ്ബി പറഞ്ഞിരുന്നു.
കനത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്ന ഘട്ടത്തില്‍ കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ലെറ്റ്ബി ഈ കത്തും, കുറിപ്പും എഴുതിയതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രൊഫഷണല്‍ ഉപദേശത്തെ തുടര്‍ന്ന് എഴുതിയ കുറിപ്പുകളാണ് ഇവരുടെ കുറ്റസമ്മതങ്ങളായി ഉപയോഗിച്ചതെന്ന വാര്‍ത്തയാണ് ഞെട്ടലായി മാറുന്നത്.