ലേബര്‍ ഗവണ്‍മെന്റിന്റെ വിവാദ ജയില്‍ സ്‌കീം പ്രകാരം 80,000-ലേറെ ക്രിമിനലുകളെ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. കോടതികള്‍ നല്‍കിയ ശിക്ഷയുടെ 40 ശതമാനം മാത്രം അനുഭവിച്ച കുറ്റവാളികളെയാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതി പ്രകാരം തുറന്നുവിടുന്നത്. സ്‌കീമിന്റെ നിബന്ധനകള്‍ പ്രകാരം വര്‍ഷത്തില്‍ ജയിലിലേക്ക് അയയ്ക്കുന്ന 56,000-ഓളം പേര്‍ക്കും മോചിതരാകാന്‍ യോഗ്യതയുണ്ടെന്ന് ജസ്റ്റിസ് മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.
നാല് വര്‍ഷത്തിലേറെ ശിക്ഷ നേരിടുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, ഗുരുതര അതിക്രമങ്ങള്‍ എന്നിവ നടത്തിയവര്‍ ഒഴികെയുള്ളവരെയാണ് പുറത്തുവിടുന്നത്. ഈ സ്‌കീം 18 മാസക്കാലം നിലവിലുണ്ടാകുമെന്നും ഇതിന് ശേഷം മാത്രമാണ് റിവ്യൂ ചെയ്യുകയെന്നും മഹ്മൂദ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ ഫലമായി ബ്രിട്ടനില്‍ ഉടനീളം കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര നടക്കുമെന്ന് മുന്‍ സീനിയര്‍ പോലീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടനിലെ പല ജയിലുകള്‍ക്ക് മുന്നിലും ആഘോഷമാണ് അരങ്ങേറിയത്. ജയിലുകളില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാക്കാതെ രക്ഷപ്പെടാന്‍ അവസരം ലഭിച്ചതോടെ ഷാംപെയിന്‍ പൊട്ടിച്ചും, മറ്റുമായിരുന്നു ആഘോഷം. ചൊവ്വാഴ്ച ആരംഭിച്ച സ്‌കീമില്‍ ഏകദേശം 1700 തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. അതേസമയം വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റിലായി.
ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് വിവാദ നീക്കം തുടങ്ങിയത്. എന്നാല്‍ ഇത് കുറ്റകൃത്യങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിടുമെന്ന് മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സൂപ്രണ്ട് നുസ്രത് മെഹ്താബ് ആശങ്ക അറിയിച്ചു. കൂടുതല്‍ പേരും കുറ്റകൃത്യങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് കണക്കുകള്‍ തന്നെ സ്ഥിരീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.