കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ നിര്‍മ്മിച്ചതായി സമ്മതിച്ച് നാണംകെട്ട ബിബിസി അവതാരകന്‍ ഹൗവ് എഡ്വാര്‍ഡ്‌സ് ജയില്‍ശിക്ഷയില്ലാതെ രക്ഷപ്പെട്ടു. ആറ് മാസത്തെ ജയില്‍ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയാണ് കോടതി വിധി ആശ്വാസമായി മാറിയത്.
ലൈംഗിക കുറ്റത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിയില്‍ നിന്നും ചെറിയ കുട്ടികളുടേത് ഉള്‍പ്പെടെ ലൈംഗിക ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി നേടിയതായി കോടതി വിചാരണയില്‍ വ്യക്തമായി. ഏഴ് വര്‍ഷത്തേക്ക് ഹൗവ് എഡ്വാര്‍ഡ്‌സിനെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ക്കാനും കോടതി ഉത്തരവിട്ടു.
വാട്‌സ്ആപ്പിലൂടെ 41 ലൈംഗിക ചിത്രങ്ങള്‍ നേടിയതായി മുന്‍ വാര്‍ത്താ അവതാരകന്‍ സമ്മതിച്ചിരുന്നു. ഇതില്‍ ഏഴ് മുതല്‍ ഒന്‍പത് വരെ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വിധി പ്രസ്താവിക്കവെ ഹൗവ് എഡ്വാര്‍ഡ്‌സിനോട് ലൈംഗിക കുറ്റവാളികളെ ചികിത്സിക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
25-കാരനായ ലൈംഗിക കുറ്റവാളി അലക്‌സ് വില്ല്യംസുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഹൗവ് എഡ്വാര്‍ഡ്‌സിന്റെ തനിനിറം പുറത്താക്കിയത്. മറ്റൊരു കേസില്‍ പിടികൂടിയ വില്ല്യംസിന്റെ ഫോണ്‍ പരിശോധിച്ച പോലീസാണ് എഡ്വാര്‍ഡ്‌സിലേക്ക് അന്വേഷണം ദീര്‍ഘിപ്പിച്ചത്. വര്‍ഷങ്ങള്‍ കൊണ്ട് എഡ്വാര്‍ഡ്‌സ് സമ്പാദിച്ച വിശ്വാസ്യതയാണ് ഈ വിധം തകര്‍ത്തതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു.
തങ്ങളുടെ മുന്‍ അവതാരകന്റെ കുറ്റത്യങ്ങള്‍ ഞെട്ടിച്ചതായി ബിബിസി വക്താവ് പ്രതികരിച്ചു. ബിബിസിയെ മാത്രമല്ല, വിശ്വാസം അര്‍പ്പിച്ച പ്രേക്ഷകരെ കൂടിയാണ് വഞ്ചിച്ചത്, വക്താവ് പറഞ്ഞു.