വനിതാ ജീവനക്കാരിക്ക് നേരെ ശാരീരിക അതിക്രമം നടത്തിയ ഉന്നത ശ്വാസകോശ സര്‍ജന് സസ്‌പെന്‍ഷന്‍. ജൂനിയര്‍ വനിതാ സഹജീവനക്കാരിയുടെ പിന്‍ഭാഗത്ത് കയറിപ്പിടിക്കുകയും, സ്തനങ്ങളില്‍ ശരീരം സ്പര്‍ശിക്കുകയും ചെയ്ത സംഭവത്തിലാണ് ഇന്ത്യന്‍ വംശജനായ ഡോ. രാജേഷ് ഷായെ സസ്‌പെന്‍ഡ് ചെയ്തത്.
മാഞ്ചസ്റ്റര്‍ വിതെന്‍ഷോവ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് തൊറാസിക് സര്‍ജനായ 61-കാരന്‍ സഹജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ട്രിബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വനിതാ ജീവനക്കാരികളുടെ പേരുകള്‍ മറന്നാല്‍ ഇവരെ 'പക്ഷികളെന്ന്' വിളിച്ചിരുന്നതായും ഡോ. ഷാ സമ്മതിച്ചിട്ടുണ്ട്. തന്റെ നിര്‍ബന്ധിത ട്രെയിനിംഗിന്റെ ഭാഗമായുള്ള സെക്ഷനുകള്‍ സഹജീവനക്കാരെ കൊണ്ട് ചെയ്യിച്ചതായും ആരോപണം നേരിടുന്നു.
രണ്ട് വനിതാ സഹജീവനക്കാര്‍ക്ക് എതിരായ മോശം പെരുമാറ്റങ്ങള്‍ 2005 മുതല്‍ 2021 വരെ കാലയളവിലാണ് അരങ്ങേറിയത്. ഇതില്‍ പല പെരുമാറ്റങ്ങളും ലൈംഗിക പീഡനമെന്ന തോതില്‍ വരുന്നവയാണെന്ന് അവകാശവാദമുണ്ട്. ഒരു സഹജീവനക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.
ഡോക്ടര്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് മെഡിക്കല്‍ പ്രാക്ടീഷനേ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് കണ്ടെത്തി. ഇതിന്റെ പേരില്‍ 12 മാസത്തെ സസ്‌പെന്‍ഷനാണ് വിധിച്ചിരിക്കുന്നത്. ശ്വാസകോശ സര്‍ജന് എതിരായ പരാതി ലഭിച്ചതോടെ 2021-ലാണ് ട്രസ്റ്റ് ഇയാള്‍ക്ക് എതിരായ അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ മാസത്തോടെ കണ്‍സള്‍ട്ടന്റിനെ പുറത്താക്കുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.