പത്തില്‍ ഒന്‍പത് പേരുടെയും ജീവനെടുക്കാന്‍ ശേഷിയുള്ള മാരകമായ മാര്‍ബര്‍ഗ് വൈറസ് ഉടന്‍ ബ്രിട്ടീഷ് തീരത്ത് വന്നുചേരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഗുരുതരമായ രക്തസ്രാവത്തിലൂടെ മരണത്തിന് കാരണമാകുന്ന വൈറസിനെ സംബന്ധിച്ചാണ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വൈറസ് പിടിപെട്ടാല്‍ ഒരു മാസത്തോളം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഇത് നിശബ്ദമായി പടരാന്‍ ഇടയാക്കുന്നത്. ഇന്‍ഫെക്ഷന്‍ ബാധിച്ചാലും രോഗികള്‍ ഇത് അറിയില്ലെന്നതിനാല്‍ രോഗം കൂടുതല്‍ ആളുകള്‍ക്ക് കൈമാറാന്‍ ഇടവരും. രോഗം പിടിപെട്ടവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും യുകെയില്‍ എത്തിയ ശേഷമാകും ഇത് തിരിച്ചറിയുകയെന്നും വിദഗ്ധര്‍ പറയുന്നു.
നിലവില്‍ റുവാന്‍ഡയിലാണ് മാരകമായ വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ യാത്രകള്‍ നടക്കുന്നതിനാല്‍ ഏത് നിമിഷവും വൈറസ് 'വിമാനം പിടിച്ച്' രാജ്യത്ത് പ്രവേശിക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധന്‍ പ്രൊഫ പോള്‍ ഹണ്ടര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ 15 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ കാലാവധി. ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് വിമാനത്തില്‍ എവിടേക്കും യാത്ര ചെയ്യാം, അദ്ദേഹം പറയുന്നു.
റുവാന്‍ഡയിലെ സ്ഥിതി അതീവ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പകര്‍ച്ചവ്യാധി മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഇവര്‍ പറഞ്ഞു. എന്നിരുന്നാലും ബ്രിട്ടനില്‍ വൈറസ് എത്തിയാലും കൈവിട്ട രീതിയില്‍ ഇത് പടരാന്‍ ഇടയില്ലെന്ന് പ്രൊഫ ഹണ്ടര്‍ പറയുന്നു. ബ്രിട്ടന്റെ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മികച്ച ഉപകരണങ്ങളുടെ സഹായത്തോടെ ഇത് പിടിച്ചുകെട്ടാന്‍ സാധിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.