പെന്‍ഷന്‍ ഫണ്ടില്‍ കൈയിട്ട് വാരാനുള്ള പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ലക്ഷക്കണക്കിന് നഴ്‌സുമാരെയും, അധ്യാപകരെയും, മറ്റ് പൊതുമേഖലാ ജീവനക്കാരെയും മാന്യമല്ലാത്ത രീതിയില്‍ ബാധിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് പദ്ധതി തല്‍ക്കാലം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനം വന്നത്.
പ്രതിവര്‍ഷം 50,000 പൗണ്ടും, അതില്‍ കൂടുതലും വരുമാനമുള്ളവര്‍ക്ക് നല്‍കുന്ന ടാക്‌സ് റിലീഫ് കുറച്ച് പണം കണ്ടെത്താനായിരുന്നു ചാന്‍സലറുടെ നീക്കം. എന്നാല്‍ രാജ്യത്തിനായി ജോലി ചെയ്തവരെ ആനുപാതികമല്ലാത്ത രീതിയില്‍ ബാധിക്കാന്‍ ഇത് കാരണമാകുമെന്നാണ് സീനിയര്‍ ട്രഷറി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ചാന്‍സലറുടെ നികുതി വേട്ട പദ്ധതി പ്രകാരം വര്‍ഷത്തില്‍ 50,000 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാര്‍ക്ക് വാര്‍ഷിക നികുതി ബില്ലില്‍ 1000 പൗണ്ട് കൂടി ചേര്‍ക്കുകയായിരുന്നു ലക്ഷ്യം. അടുത്തിടെ മാത്രം ശമ്പളവര്‍ദ്ധന നല്‍കിയ ജോലിക്കാരില്‍ നിന്നും വലിയ നികുതി വര്‍ദ്ധന നടപ്പിലാക്കുന്നത് 'ഭ്രാന്തമായ' നടപടിയാകുമെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ ടൈംസിനോട് വെളിപ്പെടുത്തി.
പബ്ലിക് സെക്ടര്‍ യൂണിയനുകളുമായി ശമ്പള കരാറില്‍ എത്തി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ഇത്തരം നീക്കം നടത്തുന്നത് ഇവരെ വീണ്ടും ചൊടിപ്പിക്കുമെന്ന് മുന്‍ പെന്‍ഷന്‍സ് മന്ത്രി സ്റ്റീവ് വെബ് ചൂണ്ടിക്കാണിച്ചു. പെന്‍ഷനുകളെ ഈ വിധം അക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ബിഎംഎ പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍ വിശാല്‍ ശര്‍മ്മയും ആവശ്യപ്പെട്ടു. ഇത് നടപ്പായാല്‍ കഠിനാധ്വാനം ചെയ്ത് നേടിയ ശമ്പളവര്‍ദ്ധന വെള്ളത്തിലാകുകയും, എന്‍എച്ച്എസില്‍ വീണ്ടും ശമ്പളതര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യും, അദ്ദേഹം ചൂണ്ടിക്കാണിച്ചു.