അധികാരത്തിലേറി 100 ദിനം തികയ്ക്കുന്നതിന് മുന്‍പ് തന്റെ ഉന്നത ഉദ്യോഗസ്ഥ തല സംഘത്തില്‍ അഴിച്ചുപണി നടത്തി കീര്‍ സ്റ്റാര്‍മര്‍. സൗജന്യങ്ങള്‍ പറ്റുന്നതായുള്ള ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് ചീഫ് ഓഫ് സ്റ്റാഫിനെ ഉള്‍പ്പെടെ മാറ്റിയത്. മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥ കൂടിയായിരുന്ന സ്യൂ ഗ്രേയാണ് പുറത്തായത്. തന്നെ നീക്കം ചെയ്യാന്‍ പോകുന്നതായി അവസാന നിമിഷം അറിഞ്ഞതോടെ ഇവര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.
ഡൗണിംഗ് സ്ട്രീറ്റില്‍ അധികാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് വാര്‍ത്തകള്‍. സ്യൂ ഗ്രേയും ലേബര്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സ്റ്റാര്‍മറുടെ മുഖ്യ ഉപദേശകന്‍ മോര്‍ഗന്‍ മക്‌സ്വീനിയും തമ്മില്‍ അധികാര വടംവലി അരങ്ങേറിയിരുന്നു. ഇവരില്‍ ഒരാളെയോ, രണ്ട് പേരെയോ ഒഴിവാക്കണമെന്ന് ലേബര്‍ നേതൃത്വത്തില്‍ തന്നെ സംസാരം ഉയരുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് സ്യൂ ഗ്രേ പുറത്താകുന്നത്. ഗ്രേയുടെ എതിരാളിയായി അറിയപ്പെട്ടിരുന്ന മോര്‍ഗന്‍ മക്‌സ്വീനി തന്നെ ചീഫ് ഓഫ് സ്റ്റാഫായി എത്തുന്നുവെന്നത് അധികാരത്തര്‍ക്കത്തില്‍ ആര് വിജയിച്ചുവെന്നതിന്റെ സൂചനയാണ്. ചീഫ് ഓഫ് സ്റ്റാഫിന് പുറമെ രണ്ട് പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമാരെയും, ഒരു പുതിയ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ടീമിന് പുതിയ മേധാവി എന്നിവരെയും തന്റെ പ്രധാനമന്ത്രി പദത്തില്‍ സ്ഥിരത കൈവരുത്താനായി സ്റ്റാര്‍മര്‍ നിയോഗിച്ചിട്ടുണ്ട്.
സ്യൂ ഗ്രേയുടെ വന്‍ അധികാരവും, 170,000 പൗണ്ട് ശമ്പളവും സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് നം.10 ടീമില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. തങ്ങളുടെ ശമ്പളം തീരെ കുറവാണെന്ന് മറ്റ് സ്‌പെഷ്യല്‍ അഡൈ്വസര്‍മാര്‍ തിരിച്ചറിഞ്ഞത് സ്ഥിതി വഷളാക്കി. പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളമാണ് ചീഫ് ഓഫ് സ്റ്റാഫിന് നല്‍കിയത്.