ബ്രിട്ടന്റെ ജനനനിരക്ക് പ്രതിസന്ധിയായി ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും താഴ്ന്ന ജനന നിരക്കുമായാണ് ഫെര്‍ട്ടിലിറ്റി പ്രതിസന്ധി വ്യപാകികുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രസവിക്കാന്‍ കഴിയുന്ന സ്ത്രീകളില്‍ ശരാശരി 1.44 കുഞ്ഞുങ്ങളാണ് പിറന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ജനന നിരക്ക് താഴുന്നത് ജനസംഖ്യ കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള മുതിര്‍ന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കും.
ഇതിനെല്ലാം പുറമെ എണ്ണക്കുറവ് പരിഹരിക്കാന്‍ കുടിയേറ്റത്തെ ബ്രിട്ടന് തുടര്‍ന്നും ആശ്രയിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ തങ്ങളുടെ ചെറുപ്പത്തില്‍ കരിയറിന് പ്രാധാന്യം നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കുറ്റപ്പെടുത്തല്‍. കൂടാതെ ജീവിതച്ചെലവ് പ്രതിസന്ധിയും, ഹൗസിംഗ് പ്രശ്‌നങ്ങളും മറ്റ് ഘടകങ്ങളാണ്.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ചില മേഖലകളില്‍ അസാധാരണമായ തോതിലാണ് ജനന നിരക്ക് താഴുന്നത്. സിറ്റി ഓഫ് ലണ്ടനാണ് ഈ 'കുഞ്ഞുങ്ങളില്ലാത്ത മരുഭൂമിയില്‍' എടുത്ത് പറയേണ്ട ഇടം. ശരാശരി സ്ത്രീക്ക് 0.55 കുഞ്ഞ് മാത്രമാണ് ഇവിടുത്തെ ജനന നിരക്ക്. രണ്ടാം സ്ഥാനത്തുള്ള കേംബ്രിഡ്ജില്‍ 0.91, 0.98 നിരക്കുമായി ബ്രൈറ്റണ്‍ എന്നിവിടങ്ങളാണ് ഏറ്റവും പിന്നില്‍.