ലക്ഷക്കണക്കിന് വരുന്ന കുറഞ്ഞ ശമ്പളക്കാര്‍ക്ക് വരുമാനം ഉത്തേജനം നല്‍കുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മിനിമം വേജ് റേറ്റുകള്‍ക്ക് വന്‍ വര്‍ദ്ധനവ് നല്‍കുമെന്നാണ് ബജറ്റിന് മുന്നോടിയായി ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
21 മുതല്‍ മുകളില്‍ പ്രായമുള്ള ജോലിക്കാരുടെ നാഷണല്‍ ലിവിംഗ് വേജ് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മണിക്കൂറില്‍ 11.44 പൗണ്ട് എന്നതില്‍ നിന്നും 12.21 പൗണ്ടായി ഉയര്‍ത്തുമെന്നാണ് ചാന്‍സലറുടെ സ്ഥിരീകരണം.
യോഗ്യരായ ഫുള്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 1400 പൗണ്ട് എന്ന നിലയില്‍ ഈ 6.7 ശതമാനം വര്‍ദ്ധന പ്രതിഫലിക്കുമെന്ന് ട്രഷറി വ്യക്തമാക്കി. ഏകദേശം മൂന്ന് മില്ല്യണിലേറെ ജോലിക്കാര്‍ക്ക് നേരിട്ട് ഇതിന്റെ ഗുണം ലഭിക്കും.
അതേസമയം 18 മുതല്‍ 20 വയസ്സ് വരെയുള്ളവരുടെ നാഷണല്‍ മിനിമം വേജ് ഏപ്രിലില്‍ 8.60 പൗണ്ടില്‍ നിന്നും മണിക്കൂറിന് 10 പൗണ്ടായി വര്‍ദ്ധിക്കും, ഏകദേശം 16.3 ശതമാനം വര്‍ദ്ധന. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇതോടെ 1.40 പൗണ്ട് വര്‍ദ്ധനയാണ് യുവ ഫുള്‍ടൈം ജോലിക്കാര്‍ക്ക് ലഭിക്കുക, ഇത് അടുത്ത വര്‍ഷം 2500 പൗണ്ട് അധികം ലഭിക്കാന്‍ വഴിയൊരുക്കും.
മിനിമം വേജ് നിരക്കുകളില്‍ ഏജ് ബാന്‍ഡുകള്‍ നീക്കം ചെയ്യുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നതിന്റെ ആദ്യ ചുവടാണ് ഇതെന്ന് ലേബര്‍ വ്യക്തമാക്കി. എന്നാല്‍ ഏപ്രിലില്‍ ജോലിക്കാര്‍ക്ക് സന്തോഷമാണ് ലഭിക്കുന്നതെങ്കിലും ബിസിനസ്സുകള്‍ക്ക് ദുഃഖമാണ് കൈവരുന്നതെന്നാണ് ബിസിനസ്സ് മേധാവികളുടെ മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന ഉള്‍പ്പെടെ നികുതികള്‍ ഒരു ഭാഗത്ത് ഉയരുന്നതിനൊപ്പം മിനിമം വേജും ഉയര്‍ത്തുന്നത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം.