ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ ജനകീയ പദ്ധതികള്‍ നിലവില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം മുഴുവന്‍. എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ സാധാരണക്കാരെ മുതല്‍ ബിസിനസ്സുകാരെ വരെ പിഴിഞ്ഞെടുക്കാനുള്ള നികുതി മാറ്റങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുറഞ്ഞ വരുമാനക്കാര്‍ക്കും ഇതില്‍ നിന്നും രക്ഷയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിപ്പ്. ബ്രിട്ടനിലെ ഏറ്റവും വരുമാനം കുറഞ്ഞവരുടെ നികുതിഭാരം പ്രതിവര്‍ഷം 600 പൗണ്ട് വരെ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ചാന്‍സലര്‍ വ്യക്തിഗത നികുതി പരിധി മരവിപ്പിച്ച് നിര്‍ത്തിയതിന്റെ ഫലമാണ് സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്.
നികുതിരഹിതമായി ആളുകളുടെ കൈയിലെത്തുന്ന പണത്തിന് മേലുള്ള പരിധി 2028 വരെ മരവിപ്പിച്ച് നിര്‍ത്തുന്നതായാണ് റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. ഈ നികുതി ഭാരം മൂലം വരുമാനം ഏറ്റവും കുറഞ്ഞ ആളുകളില്‍ നിന്നും നൂറുകണക്കിന് പൗണ്ട് അധികം പിരിച്ചെടുക്കാന്‍ വഴിയൊരുക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു.
2022ന് മുന്‍പുള്ള നിലയിലേക്ക് സാധാരണക്കാരായ 40 ശതമാനം കുടുംബങ്ങളുടെ ജീവിതനിലവാരം മടങ്ങിയെത്താന്‍ 2026-27 അവസാനം വരെയെങ്കിലും കാത്തിരിക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. കൂടാതെ ഗവണ്‍മെന്റിന്റെ ചില നികുതി നയങ്ങള്‍ ബിസിനസ്സ് നിക്ഷേപം വര്‍ദ്ധിക്കുന്നതിന് വിനയാകുമെന്നും എന്‍ഐഇഎസ്ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഫോര്‍ പബ്ലിക് പോളിസി പ്രൊഫ അഡ്രിയാന്‍ പാബ്സ്റ്റ് വ്യക്തമാക്കി. ഇത് പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് തിരിച്ചടി നല്‍കുക.