ഏത് അപകടാവസ്ഥയും അവസരമാക്കി മാറ്റുന്നവര്‍ സമൂഹത്തിലുണ്ടാകും. അതില്‍ നിന്നും എന്‍എച്ച്എസിനും മാറ്റമില്ല. എന്‍എച്ച്എസിലെ ജോലിക്കാരുടെ ക്ഷാമം പണം വാരാനുള്ള സാധ്യതയായി കാണുന്നവരാണ് ഏജന്‍സി സ്ഥാപനങ്ങള്‍. എന്നാല്‍ ഏജന്‍സി ജീവനക്കാരെ താല്‍ക്കാലികമായി എത്തിക്കുന്ന പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏജന്‍സി ജോലിക്കാരെ നിയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. നഴ്‌സുമാരുടെയും, ഡോക്ടര്‍മാരുടെയും ക്ഷാമത്തിന്റെ പേരില്‍ ആശുപത്രികള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കായി കണ്ണഞ്ചിപ്പിക്കുന്ന തുകകളാണ് പൊടിക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് വെസ് സ്ട്രീറ്റിംഗ് ആഗ്രഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഇത്തരം ജീവനക്കാര്‍ക്കായി 3 ബില്ല്യണ്‍ പൗണ്ടാണ് ചെലവാക്കിയത്. ഒരു ഏജന്‍സി നഴ്‌സിന് ഷിഫ്റ്റിന് 2000 പൗണ്ട് വരെയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക് സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങി പ്രാഥമിക ജോലികള്‍ക്കും ഏജന്‍സി ജീവനക്കാരെ നിയോഗിക്കുന്നതിന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പദ്ധതി.
എന്‍എച്ച്എസിലെ സ്ഥിരജോലിയില്‍ നിന്നും അടുത്തിടെ ഇറങ്ങിയ ജോലിക്കാരെ തന്നെ തിരിച്ചെത്തിക്കുന്നതിനും ഏജന്‍സികള്‍ക്ക് വിലക്ക് വരും. വരുന്ന ആഴ്ചകളില്‍ പദ്ധതികള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ അഭിപ്രായസ്വരൂപണത്തിനായി ഉപയോഗിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്കായി ആശുപത്രികള്‍ ഏറെ കാലമായി വന്‍തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഈ വിധം എന്‍എച്ച്എസിനെ കവരാന്‍ ഇനി അനുവദിക്കില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പക്ഷം.