എന്‍എച്ച്എസില്‍ നിന്നും നഴ്‌സുമാരുടെ കുടിയൊഴിയല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന ഹെല്‍ത്ത്‌കെയര്‍ പദ്ധതികള്‍ ഫലവത്താകില്ലെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നഴ്‌സുമാര്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുകയും, കുറഞ്ഞ തോതില്‍ മാത്രം ആളുകള്‍ പ്രൊഫഷണിലേക്ക് വരികയും ചെയ്യുന്നത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ പാകത്തില്‍ പരുവപ്പെട്ട് വരികയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി.
ഈ സ്ഥിതി രോഗീപരിചരണത്തെ ബാധിക്കുമെന്നും ആര്‍സിഎന്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസിനെ ആധുനികവത്കരിക്കാനും, ചികിത്സകള്‍ കമ്മ്യൂണിറ്റിയിലേക്ക് മാറ്റുകയും ചെയ്യണമെങ്കില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ ആശുപത്രികള്‍ക്ക് പുറത്ത് ലോക്കല്‍ കമ്മ്യൂണിറ്റികളില്‍ ജോലി ചെയ്യേണ്ടതായി വരും.
എന്നാല്‍ പ്രൊഫഷണില്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ തികയുന്നതിന് മുന്‍പ് ജോലി ഉപേക്ഷിക്കുന്ന നഴ്‌സുമാരുടെ എണ്ണം സുപ്രധാനമായ തോതില്‍ വര്‍ദ്ധിക്കുന്നതായി നഴ്‌സിംഗ് മിഡ്‌വൈഫറി കൗണ്‍സില്‍ ഡാറ്റ വ്യക്തമാക്കുന്നു. നഴ്‌സിംഗ് ജീവനക്കാരെ അപേക്ഷിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ക്കും, ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കും ഉള്‍പ്പെടെ ലേബര്‍ ഗവണ്‍മെന്റ് വളരെ ഉയര്‍ന്ന തോതില്‍ ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ചത് ശമ്പളവിഷയത്തില്‍ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
ക്വാളിഫിക്കേഷന്‍ നേടി ഒരു ദശകത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നത് 11,000-ലേറെ നഴ്‌സുമാരാണെന്ന് കോളേജ് പ്രവചിക്കുന്നു. ഇംഗ്ലണ്ടില്‍ നിലവിലെ ആകെ ഡിസ്ട്രിക്ട് നഴ്‌സ്, ഹെല്‍ത്ത് വിസിറ്റര്‍, സ്‌കൂള്‍ നഴ്‌സുമാരുടെ എണ്ണമാണിത്. യുകെയില്‍ വിദ്യാഭ്യാസം നേടിയ നഴ്‌സിംഗ് ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന എന്‍എംസി ഡാറ്റയാണ് ആര്‍സിഎന്‍ പരിശോധിച്ചത്. 2021 മുതല്‍ 2024 വരെ കാലയളവില്‍ 10 വര്‍ഷത്തിനുള്ളില്‍ പ്രൊഫഷന്‍ ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ 43 ശതമാനവും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ചവരുടെ എണ്ണം 67 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.