യുകെ പലിശ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന് നില്‍ക്കുമെന്ന സൂചന ശക്തമാകുകയും, ബജറ്റില്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും ചേര്‍ന്ന് ബ്രിട്ടന്റെ ഭവനവില വര്‍ദ്ധനയെ തടയുമെന്ന് റിപ്പോര്‍ട്ട്. മുന്‍നിര എസ്‌റ്റേറ്റ് ഏജന്റുമാരായ ഹാംപ്ടണ്‍സ് തങ്ങളുടെ ദീര്‍ഘകാല ഭവനവില വളര്‍ച്ചാ പ്രവചനം വെട്ടിച്ചുരുക്കുകയാണ് ചെയ്തിരിക്കുന്നത്.
ഭവനവിലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് മെല്ലെപ്പോക്കിലാണെന്ന് ഹാലിഫാക്‌സും, നേഷന്‍വൈഡും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അടുത്ത വര്‍ഷം വരെയും വില വര്‍ദ്ധന നാമമാത്രമായിരിക്കുമെന്നാണ് ഹാംപ്ടണ്‍സിന്റെ പ്രവചനം.
കഴിഞ്ഞ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 4.75 ശതമാനമായി കുറച്ചതിന് ശേഷമാണ് ഈ നിരീക്ഷണം. കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റ് മൂലം പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പലിശ നിരക്കുകള്‍ താഴാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
കൂടുതല്‍ കാലത്തേക്ക് പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നത് നിരക്ക് വളര്‍ച്ചയെ ബാധിക്കുമെന്ന് ഹാംപ്ടണ്‍സ് പറയുന്നു. ഈ വര്‍ഷം ബ്രിട്ടനിലെ ശരാശരി ഭവനവില 3.5 ശതമാനം ഉയര്‍ന്ന് നില്‍ക്കുകയും, 2025-ല്‍ 3 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
ഭവനവില സ്തംഭനാവസ്ഥയില്‍ തുടരുമെന്ന മുന്‍ പ്രതീക്ഷകള്‍ തിരുത്തിയാണ് പ്രോപ്പര്‍ട്ടി വിപണി ഈ നില കൈവരിക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണപ്പെരുപ്പം താഴ്ന്നതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വേഗത്തില്‍ കുറഞ്ഞതാണ് ഇതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.