നവംബറില്‍ ഒന്ന് അമാന്തിച്ച് നിന്ന ശേഷം തണുപ്പ് ചുവടുറപ്പിക്കുന്നു. വിന്റര്‍ കമ്പിളി വസ്ത്രങ്ങള്‍ പുറത്തെടുക്കാന്‍ സമയമായെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന സൂചന. ഈയാഴ്ച യുകെയില്‍ തണുപ്പിന് കരുത്തേറാന്‍ തുടങ്ങുന്നതോടെ ശൈത്യത്തിന്റെ പ്രഭാവം അനുഭവപ്പെട്ട് തുടങ്ങും.
ഈ വീക്കെന്‍ഡോടെ മാനം തെളിയുകയും, താപനില താഴുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാത്രിയോടെ തണുത്തുറഞ്ഞ് തുടങ്ങുമെന്നാണ് കരുതുന്നത്. അടുത്ത അഞ്ച് ദിവസത്തില്‍ സ്‌കോട്ട്‌ലണ്ടില്‍ 8 സെല്‍ഷ്യസും, സൗത്ത് മേഖലകളില്‍ 11 സെല്‍ഷ്യസുമാകും ഉയര്‍ന്ന താപനില.
ശനിയാഴ്ച നോര്‍ത്തില്‍ നിന്നുമുള്ള തണുപ്പേറിയ കാറ്റ് ശൈത്യകാല അവസ്ഥ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. സ്‌കോട്ടിഷ് പ്രദേശങ്ങളിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് കാണാനുള്ള സാധ്യതയും മെറ്റ് ഓഫീസ് നല്‍കുന്നു. 'തണുപ്പ് വര്‍ദ്ധിച്ച് തുടങ്ങും, രാത്രികാലങ്ങള്‍ക്ക് പുറമെ പകല്‍ സമയങ്ങളിലും ഇത് അനുഭവപ്പെട്ട് തുടങ്ങും', മെറ്റ് ഓഫീസ് മീറ്റിയോറോളജിസ്റ്റ് സോയ് ഹസ്റ്റിന്‍ പറഞ്ഞു.
ലണ്ടന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് നിലവില്‍ മഞ്ഞ് എത്തില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നത്. ഈ മാസം ആദ്യ എട്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ടിലും, ഈസ്റ്റ് വെയില്‍സിലുമുള്ള പല കാലാവസ്ഥാ സ്റ്റേഷനുകളും സൂര്യവെളിച്ചം കണികണ്ടിട്ടില്ലാത്ത അവസ്ഥയും രേഖപ്പെടുത്തിയിരുന്നു.