അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാല്‍ രാജ്യത്തിന് മുകളില്‍ വന്നിറങ്ങി കനത്ത മൂടല്‍മഞ്ഞ്. ഇതോടെ രാവിലെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. താപനില പൂജ്യത്തിനും താഴേക്ക് പതിച്ചതോടെയാണ് കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടത്. രാവിലെ 10 വരെയാണ് നിലവിലെ മുന്നറിയിപ്പ്.
റോഡുകളില്‍ ഐസ് രൂപപ്പെടുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ മുതല്‍ ബര്‍മിംഗ്ഹാം, ബാത്ത്, സാലിസ്ബറി വരെ ഈ സ്ഥിതി നേരിടണം. മൂടല്‍മഞ്ഞ് കനത്തതോടെ റെയില്‍, ബസ് സര്‍വ്വീസുകളും തടസ്സങ്ങള്‍ നേരിടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില മേഖലകളില്‍ വിമാന സര്‍വ്വീസുകളും തടസ്സപ്പെടും.
രണ്ടാഴ്ചയിലെ മഴ 24 മണിക്കൂറില്‍ പെയ്യിച്ച് കോണാള്‍ കൊടുങ്കാറ്റ് യുകെയില്‍ നടമാടിയതിന് പിന്നാലെയാണ് ഇത്. ബെര്‍ട്ട് കൊടുങ്കാറ്റ് ഇപ്പോഴും രാജ്യത്ത് തുടരുന്നുണ്ട്. ബെര്‍ട്ട് കൊടുങ്കാറ്റില്‍ രൂപപ്പെട്ട കനത്ത വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അഞ്ച് പേര്‍ക്കാണ് വിവിധ ഇടങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് 240-ഓളം വെള്ളപ്പൊക്ക അലേര്‍ട്ടും, ജാഗ്രതാ നിര്‍ദ്ദേശങ്ങളുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരുന്നത്. ഇപ്പോള്‍ രൂപപ്പെട്ട മൂടല്‍മഞ്ഞ് വെസ്റ്റേണ്‍ ഇംഗ്ലണ്ടിനെയും ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അഞ്ച് ദിവസത്തെ പ്രവചനത്തില്‍ മൂടല്‍മഞ്ഞും, തണുത്തുറയലും, ഐസും യുകെയില്‍ വ്യാപകമാകുമെന്നാണ് സൂചിപ്പിക്കുന്നത്.