യുകെയില്‍ നെറ്റ് മൈഗ്രേഷന്‍ പുതിയ റെക്കോര്‍ഡായ 906,000 എത്തി. 2023 ജൂണ്‍ വരെ കണക്കുകള്‍ പ്രകാരമാണ് മുന്‍പ് കരുതിയതിലും ഉയര്‍ന്ന നിരക്കിലാണ് മൈഗ്രേഷന്‍ കണക്കുകളെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നെറ്റ് മൈഗ്രേഷന്‍ 740,000 എന്ന നിരക്കിലാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് മുന്‍പ് കണക്കാക്കിയത്, എന്നാല്‍ ഇതില്‍ 166,000 പേരെ കൂടി ചേര്‍ത്താണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. അതേസമയം 2024 ജൂണില്‍ ഇത് 728,000 ആയി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് പ്രവേശിക്കുകയും, പുറത്തേക്ക് പോകുകയും ചെയ്യുന്നവരുടെ എണ്ണത്തിലെ വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിട്ടെന്ന വാര്‍ത്ത അവസരമാക്കിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുറ്റം ടോറികളുടെ തലയിലിട്ടു. ടോറികള്‍ നടത്തിയ അതിര്‍ത്തി തുറക്കല്‍ പരീക്ഷണമാണ് ഇതിന് കാരണമെന്നാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ നെറ്റ് മൈഗ്രേഷന്‍ സകല പരിധിയും വിട്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ബ്രക്‌സിറ്റിന് ശേഷം ആരംഭിച്ച പോയിന്റ് അടിസ്ഥാനമാക്കിയ വര്‍ക്ക് വിസ സിസ്റ്റം ഇമിഗ്രേഷന്‍ വര്‍ദ്ധിപ്പിക്കാനാണ് ഉപകരിച്ചത്. കൂടാതെ ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നയങ്ങള്‍ വിദ്യാര്‍ത്ഥികളുടെയും, ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ജോലിക്കാരുടെയും ഒഴുക്കിന് കാരണമായി. ഋഷി സുനാക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണ് ഈ വര്‍ഷം കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞത്.
കുടിയേറ്റക്കാരുടെ റെക്കോര്‍ഡ് ഒഴുക്ക് ബ്രിട്ടന്റെ പൊതുസേവനങ്ങളെ സമ്മര്‍ദത്തിലാക്കുമെന്ന ആരോപണം ഇതോടെ ശക്തമാകും. മിഡില്‍സ്ബറോയില്‍ ഏകദേശം 6800 അന്താരാഷ്ട്ര കുടിയേറ്റക്കാരാണ് എത്തിപ്പെട്ടത്. കവന്‍ട്രി, ലണ്ടനിലെ ന്യൂഹാം എന്നിവിടങ്ങളും ഉയര്‍ന്ന തോതില്‍ കുടിയേറ്റക്കാര്‍ ചേക്കേറുന്ന പ്രദേശങ്ങളാണ്. കുടിയേറ്റം കുത്തനെ ഉയര്‍ന്നതോടെ തലസ്ഥാനത്ത് ഓരോ സ്‌ക്വയര്‍ കിലോമീറ്ററിലും 240 താമസക്കാര്‍ കുടിയേറ്റക്കാരാണെന്നാണ് കണ്ടെത്തല്‍.