പതിവ് മരുന്നുകള്‍ പോലും നല്‍കാതെ എ&ഇയില്‍ രണ്ട് ദിവസത്തിലേറെ കാത്തിരുന്ന രോഗി മരിച്ച സംഭവം ആശങ്കയാകുന്നു. പതിവ് അപ്പോയിന്റ്‌മെന്റിന് ശേഷം ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അയച്ച 85-കാരനാണ് ഇടനാഴിയിലെ ബെഡില്‍ കാത്തിരുന്ന് ഗുരുതരാവസ്ഥയിലായത്. നാലാഴ്ചയ്ക്ക് ശേഷം ഈ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
എന്‍എച്ച്എസ് അടിയന്തര പരിചരണത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഗുരുതര ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിരുന്ന വ്യക്തിക്ക് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പതിവായി മരുന്നുകളുടെ ആവശ്യം വന്നിരുന്നു. എന്നാല്‍ എ&ഇയില്‍ വെച്ച് 18 ഡോസുകള്‍ നല്‍കേണ്ടിടത്ത് ഏഴെണ്ണം നല്‍കിയില്ല. മൂന്ന് ഡോസ് വൈകിയാണ് നല്‍കിയതെന്നും ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡി റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ വീണ് പുറംവേദന മൂലം ഡോക്ടറെ കാണാനെത്തിയ രോഗിയെ എ&ഇയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ 52 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാകുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ച്ഛിച്ച് വിഴുങ്ങാനുള്ള ശേഷി പോലും നഷ്ടമായെന്നാണ് എച്ച്എസ്എസ്‌ഐബി പറയുന്നു.
നാല് ആഴ്ചയ്ക്ക് ശേഷം രോഗി മരണമടഞ്ഞു. നെഞ്ചിലെ ഇന്‍ഫെക്ഷന്‍, പാര്‍ക്കിന്‍സണ്‍സ്, പ്രായാധിക്യം എന്നിവയാണ് മരണകാരണങ്ങളായി രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ ഒക്ടോബറില്‍ 49,592 രോഗികള്‍ എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കണക്കാണിത്.