ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവരെല്ലാം ഇപ്പോള്‍ വായടച്ച് ഇരുപ്പാണ്. പ്രത്യേകിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ആദ്യ ബജറ്റ് സകല ബിസിനസ്സുകളുടെയും, ജനങ്ങളുടെയും തലയില്‍ ചുമത്തിയ നികുതിഭാരം വിമര്‍ശനത്തിന്റെ കൂരമ്പുകളാണ് സൃഷ്ടിച്ചത്. ലേബര്‍ ഇനിയും നികുതി വര്‍ദ്ധിപ്പിക്കാന്‍ മടിക്കില്ലെന്ന മുന്നറിയിപ്പുകള്‍ക്കിടെ സംഗതി സത്യമാണെന്ന് സമ്മതിക്കുകയാണ് പ്രധാനമന്ത്രിയും.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു നികുതി വര്‍ദ്ധനയ്ക്ക് ഇപ്പോള്‍ പദ്ധതിയില്ലെന്നും, അവശ്യമായ സാഹചര്യം ഉണ്ടായാല്‍ ഈ നീക്കം തള്ളിക്കളയില്ലെന്നുമാണ് സ്റ്റാര്‍മര്‍ ബിബിസിയോട് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്നത് ഉള്‍പ്പെടെ ആറ് ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ചില തീരുമാനങ്ങള്‍ ജനപ്രിയമാകില്ലെങ്കിലും വോട്ടര്‍മാര്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുന്നതിന് അനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് പ്രതികരണം രേഖപ്പെടുത്താമെന്ന് സ്റ്റാര്‍മര്‍ പറയുന്നു. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നതിന് മറ്റൊരു സൂചനയാണ് ഇത് നല്‍കുന്നതെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെമോക് ആരോപിച്ചു.
ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് പുറമെ ഇംഗ്ലണ്ടില്‍ 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാനും, ആശുപത്രി ബാക്ക്‌ലോഗ് അവസാനിപ്പിക്കല്‍, സ്‌കൂള്‍ തുടങ്ങുമ്പോള്‍ പഠിക്കാന്‍ ലക്ഷ്യമിടുന്ന കുട്ടികളുടെ അനുപാതം 75 ശതമാനമായി ഉയര്‍ത്തുക എന്നിവയും സ്റ്റാര്‍മറുടെ പ്രസംഗത്തിലുണ്ട്. ഒക്ടോബറില്‍ ചാന്‍സലര്‍ അവതരിപ്പിച്ച ബജറ്റ് 70 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതില്‍ പകുതിയും നികുതി വര്‍ദ്ധനവിലൂടെയാണ് കണ്ടെത്തുന്നത്. വിമര്‍ശനം രൂക്ഷമായതോടെ ഗവണ്‍മെന്റ് ലക്ഷ്യം പുനഃക്രമീകരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ് സ്റ്റാര്‍മര്‍ ചെയ്യുന്നതെന്നാണ് ആരോപണം.