മോശം കാലാവസ്ഥയുടെ ദുരിതം ഒഴിയാതെ ബ്രിട്ടന്‍. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ് കുമിഞ്ഞ് കൂടിയതിന് പിന്നാലെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് പുറമെ കൂടുതല്‍ മഞ്ഞുവീഴ്ചയും, ഐസ്, മഴ എന്നിവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തേടിയെത്തും. അതുകൊണ്ട് തന്നെ യുകെയുടെ പല ഭാഗത്തും ആംബര്‍, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ തുടരുകയാണ്.
മോശം സാഹചര്യങ്ങളില്‍ കൂടുതല്‍ യാത്രാതടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് പറയുന്നു. ശക്തമായ മഴയും, കനത്ത മഞ്ഞും മൂലം വെള്ളപ്പൊക്കം നേരിടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇത് പ്രകാരം 50 വെള്ളപ്പൊക്ക മുന്നറിയിപ്പും, 261 വെള്ളപ്പൊക്ക അലേര്‍ട്ടുകളുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
വീക്കെന്‍ഡില്‍ രണ്ട് വലിയ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ബ്രിട്ടനില്‍ ശക്തമായ മഞ്ഞും, ഐസ് മഴയുമാണ് നേരിട്ടത്. മഞ്ഞ് ശക്തമായതോടെ നിരവധി മണിക്കൂറുകളാണ് പ്രധാന എയര്‍പോര്‍ട്ട് റണ്‍വേകള്‍ അടച്ചിട്ടത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വാഹനങ്ങള്‍ കുടുങ്ങുകയും, അപകടത്തില്‍ പെടുകയും ചെയ്തു.
ഇന്ന് രാവിലെ വരെ ലങ്കാഷയര്‍, കംബ്രിയ, ലേക്ക് ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ മഞ്ഞിനുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നിലവിലുള്ളത്. 15 സെന്റിമീറ്റര്‍ അധിക മഞ്ഞ് പെയ്യുന്നതിനാല്‍ പ്രാദേശിക ഇടങ്ങള്‍ ഒറ്റപ്പെടുമെന്നാണ് അറിയിപ്പ്. കോണ്‍വാള്‍ മുതല്‍ കെന്റ് വരെ സതേണ്‍ ഇംഗ്ലണ്ടില്‍ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. വെയില്‍സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലും മറ്റൊരു മഴ മുന്നറിയിപ്പ് നിലവിലുണ്ട്.