ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ജനങ്ങളെ തിരിഞ്ഞുകൊത്തുന്നു. പകുതിയിലേറെ ബിസിനസ്സുകളും വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്. എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറുടെ നടപടിയെ കൈകാര്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ മാര്‍ഗ്ഗം തേടുകയാണ്.
ഞെട്ടിക്കുന്ന വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് അധികം കൈമാറാതിരിക്കാന്‍ റിക്രൂട്ട്‌മെന്റ്, നിക്ഷേപ പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മാര്‍ക്ക്‌സ് & സ്‌പെന്‍സര്‍ മേധാവി വെളിപ്പെടുത്തി. സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് മുന്നിലുള്ളതെന്ന മുന്നറിയിപ്പുകള്‍ വന്നതോടെ എം&എസ് ഉള്‍പ്പെടെ റീട്ടെയിലര്‍മാരുടെ ഓഹരികള്‍ ഇന്നലെ താഴ്ന്നു.
2000 സ്ഥാപനങ്ങളിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സര്‍വ്വെ കഴിഞ്ഞ മാസം നടന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി 54 ശതമാനം പേര്‍ വെളിപ്പെടുത്തി. അതേസമയം 41 ശതമാനം എപ്ലോയര്‍മാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും ആലോചിക്കുന്നു. ജോലിക്കാരുടെ ശമ്പളത്തെ ഒരു തരത്തിലും എന്‍ഐ വര്‍ദ്ധന ബാധിക്കില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെടുമ്പോഴാണ് ഈ അവസ്ഥ.
ജോലിക്കാരുടെ എണ്ണം കുറയ്ക്കുെമന്ന് 53 ശതമാനം സ്ഥാപനങ്ങളും, ലാഭത്തെ ബാധിക്കുമെന്ന് 64 ശതമാനം എംപ്ലോയര്‍മാരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ റേറ്റ് 13.9 ശതമാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ത്തി ചാന്‍സലര്‍ ബിസിനസ്സുകളെ ഞെട്ടിച്ചത്.