വെള്ളക്കാരായ പെണ്‍കുട്ടികളെ ഏഷ്യന്‍ സംഘങ്ങള്‍ പീഡനത്തിന് ഇരയാക്കുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെ പറയുന്ന വാക്യമാണിത്. അപ്പോള്‍ ആരാണ് ഈ ഏഷ്യന്‍ വംശജര്‍? ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും വരുന്നവരാണ്. എന്നാല്‍ ഇവരാണോ സംഘടിതമായി പെണ്‍കുട്ടികളെ മദ്യവും, മയക്കുമരുന്നും നല്‍കി പീഡനത്തിന് ഇരയാക്കുന്നത്? അല്ല എന്നതാണ് ഉത്തരം.
ബ്രിട്ടീഷ് പാകിസ്ഥാനികളാണ് വെള്ളക്കാരായ പെണ്‍കുട്ടികളെ ഈ വിധത്തില്‍ വന്‍തോതില്‍ ചൂഷണത്തിന് ഇരയാക്കുന്നതെന്ന് വ്യക്തമായിട്ടും ഏഷ്യക്കാര്‍ എന്ന് വിളിച്ച് ഇതില്‍ വെള്ളം ചേര്‍ക്കുന്നത് എന്തിനാണ്? 'ഏഷ്യന്‍ ഗ്രൂമിംഗ് സംഘങ്ങള്‍' എന്ന പദം വംശവെറിയാമെന്നാണ് ഇത്തരം കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്ത കൗണ്‍സിലുകള്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്.
ഓക്‌സ്‌ഫോര്‍ഡ്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍, കാല്‍ഡര്‍ഡെയില്‍ എന്നീ ലോക്കല്‍ അതോറിറ്റികളാണ് ഏഷ്യന്‍ ഗ്രൂമിംഗ് സംഘങ്ങളെന്ന് വിളിക്കുന്നത് ഇസ്ലാമിക വിരുദ്ധവും, ഇസ്ലാമിനെയും, അതിലെ അതിക്രമങ്ങളെയും ചൂണ്ടിക്കാണിക്കുന്നതാണെന്ന് കുറ്റപ്പെടുത്തുന്നത്. മുസ്ലീങ്ങള്‍ക്ക് എതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ലേബര്‍ സ്വീകരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മുസ്ലീങ്ങള്‍ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് തയ്യാറാക്കിയത്. പൊതുജനങ്ങളെ അപേക്ഷിച്ച് പോലീസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളില്‍ പാകിസ്ഥാനികള്‍ പ്രതികളാകാനുള്ള സാധ്യത നാലിരട്ടി അധികമാണെന്ന് പുറത്തുവിടാത്ത കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കുറ്റകൃത്യങ്ങളില്‍ 13.7 ശതമാനത്തിലും പാകിസ്ഥാനില്‍ നിന്നുള്ളവരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്‍പത്തെ വര്‍ഷം ഇത് 6.9 ശതമാനമായിരുന്നു.