തകരുന്ന എന്‍എച്ച്എസ് ആശുപത്രികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ റദ്ദാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ പൊട്ടിവീഴുന്ന കെട്ടിടങ്ങളില്‍ ജോലി ചെയ്യാന്‍ ജീവനക്കാരും, ചികിത്സ തേടാന്‍ രോഗികളും നിര്‍ബന്ധിതമാകും.
ഈ ദശകത്തിന്റെ അവസാനത്തോടെ 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഈ പദ്ധതികളുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടിലേക്കാണ് ലേബര്‍ ഗവണ്‍മെന്റ് എത്തിയിരിക്കുന്നത്.
തകര്‍ച്ച നേരിടുന്ന ഇംഗ്ലണ്ടിലെ പല എന്‍എച്ച്എസ് ആശുപത്രികള്‍ക്കും പകരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിയിക്കാനാണ് ലേബര്‍ നീക്കം. അടുത്ത ആഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇത് പല ട്രസ്റ്റുകളെയും ആശങ്കയിലാക്കും. രോഗികളെ ജീവനക്കാര്‍ അപകടകരമായ സാഹചര്യങ്ങളില്‍ ചികിത്സിക്കേണ്ട അവസ്ഥ നേരിടുമെന്നാണ് ട്രസ്റ്റുകള്‍ ഭയക്കുന്നത്.
എന്നാല്‍ പദ്ധതി പുനരാലോചിക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിന് എംപിമാരില്‍ നിന്നും വിമര്‍ശനം നേരിടും. 30 ബില്ല്യണ്‍ പൗണ്ട് ചെലവില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള വമ്പന്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ട ഗതികേട് ലേബറിന് മേല്‍ ചുമത്തിയ കണ്‍സര്‍വേറ്റീവുകളെ കുറ്റപ്പെടുത്താനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തയ്യാറാകുക.
റാക് കോണ്‍ക്രീറ്റ് ഉപയോഗിച്ചതിനാല്‍ ഉടനെ പൊളിഞ്ഞുവീഴുമെന്ന് ഉറപ്പുള്ള 12 പ്രൊജക്ടുകളാണ് മുന്നോട്ട് പോകുമെന്ന് സ്ട്രീറ്റിംഗ് സെപ്റ്റംബറില്‍ അറിയിച്ചത്. എന്നാല്‍ ബാക്കിയുള്ള 25 പ്രൊജക്ടുകളുമായി മുന്നോട്ട് പോകുന്നത് ചെലവും, സമയപരിധിയും ഉള്‍പ്പെടെ വിഷയങ്ങള്‍ ആസ്പദമാക്കി പരിശോധിക്കാനും റിവ്യൂ ഉത്തരവിട്ടിട്ടുണ്ട്.