കണ്‍സര്‍വേറ്റീവുകളുടെ പുതിയ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് വിവാദങ്ങള്‍ക്ക് തിരികൊളുത്തി വെസ് സ്ട്രീറ്റിംഗ്. ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങിവരവ് വാര്‍ത്തകള്‍ക്കിടെ ഈ മോശം വാര്‍ത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ലേബര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളില്‍ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളില്‍ ചോര്‍ച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കുന്നത്.
2019-ലാണ് മുന്‍ ടോറി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇംഗ്ലണ്ടില്‍ 2030-ഓടെ 40 പുതിയ എന്‍എച്ച്എസ് ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തിന്റെ ധനകാര്യ സ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ 2039 വരെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയില്ലെന്ന് സ്ട്രീറ്റിംഗ് എംപിമാരെ അറിയിച്ചു.
പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ കണ്‍സര്‍വേറ്റീവുകളാണ് പരാജയപ്പെട്ടതെന്ന് സ്ട്രീറ്റിംഗ് ആരോപിച്ചു. വ്യാജമായ പ്രതീക്ഷയ്ക്ക് മുകളിലാണ് ഇത് കെട്ടിപ്പടുത്തതെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്. നാല് ഘട്ടങ്ങളായി പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നാണ് സ്ട്രീറ്റിംഗിന്റെ പുതിയ നിലപാട്. ഇത് പ്രകാരം അന്തിമഘട്ടം ആരംഭിക്കാന്‍ 2035 മുതല്‍ 2039 വരെയെങ്കിലും എത്തും. ആദ്യ ഘട്ടം ഇതിനകം തന്നെ നിര്‍മ്മാണം തുടങ്ങിയിരുന്നതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.