ബ്രിട്ടനില്‍ തെരുവുകളില്‍ വീണ്ടും കത്തിക്കുത്തിന്റെ ചോരപ്പുഴ ഒഴുകുന്നു. ഏറ്റവും ഒടുവിലായി പ്ലൈമൗത്തിലാണ് കത്തിക്കുത്ത് നടന്നിരിക്കുന്നത്. തെരുവില്‍ വെച്ച് നടന്ന അക്രമത്തില്‍ ഒരു വ്യക്തിക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ആളെ പിടികൂടാനായി സായുധ പോലീസ് തെരച്ചില്‍ നടത്തുകയാണ്.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വെസ്റ്റ് ഹോയിലെ സംഭവസ്ഥലത്തേക്ക് പോലീസും, എമര്‍ജന്‍സി സര്‍വ്വീസും കുതിച്ചെത്തിയത്. തെരുവില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഇത്. ഇരയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡെറിഫോര്‍ഡ് ഹോസ്പിറ്റലിലേക്ക് നീക്കിയതായി ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞു.
അതേസമയം ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം ഒരു 12 വയസ്സുകാരനെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുത്തിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഹാള്‍ ഗ്രീന്‍ പ്രദേശത്ത് കോള്‍ നദിക്കരയില്‍ വയറിന് കുത്തേറ്റ നിലയില്‍ ലിയോ റോസിനെ ഒരു വഴിപോക്കന്‍ കണ്ടെത്തുന്നത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.
ഈ കൊലപാതകത്തില്‍ 14 വയസ്സുള്ള കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു 80 വയസ്സുള്ള സ്ത്രീയെ അക്രമിച്ചതിനും ഈ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ച് സെക്കന്‍ഡറി അക്കാഡമി വിദ്യാര്‍ത്ഥിയായിരുന്ന ലിയോ റോസിന് ആദരാഞ്ജലികള്‍ ഒഴുകിയെത്തുകയാണ്. കുത്തേറ്റ സ്‌ക്രൈബേഴ്‌സ് ലെയിനില്‍ സുഹൃത്തുക്കള്‍ പൂക്കള്‍ അര്‍പ്പിച്ചു.
എന്നാല്‍ ലിയോയുടെ സ്‌കൂളിന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിയാണ് അക്രമിച്ചതെന്നാണ് വിവരം. വീട്ടിലേക്ക് കേവലം 10 മിനിറ്റ് നടത്തം മാത്രമുള്ള പാതയില്‍ വെച്ചാണ് അക്രമം നേരിട്ടത്. മറ്റൊരു സ്ത്രീക്ക് നേരെയും അക്രമം നടന്നതായി തിരിച്ചറിഞ്ഞതോടെയാണ് കാരണമില്ലാതെയാണ് 14-കാരന്‍ പരാക്രമം നടത്തിയതെന്ന് വ്യക്തമായത്.