CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 26 Seconds Ago
Breaking Now

പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയില്‍ ഇടപെട്ട് ആര്‍എസ്എസ്; കൗണ്‍സിലര്‍മാര്‍ അടിയന്തിര യോഗം ചേരും

ആര്‍എസ്എസ് ഇടപെട്ടതിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി

പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയില്‍ ഇടപെട്ട് ആര്‍എസ്എസ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇടപെടല്‍. കൗണ്‍സിലര്‍മാര്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയില്‍ പാലക്കാട് ബിജെപിയിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നതായാണ് സൂചന. വിമതയോഗത്തില്‍ പങ്കെടുത്ത ഏഴ് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കൊപ്പം നാല് പേര്‍ കൂടി രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.

ആര്‍എസ്എസ് ഇടപെട്ടതിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി. രാജിക്കില്ലെന്നും അവര്‍ പറഞ്ഞു. അതിനിടെ പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും പ്രതികരിച്ചു.

ഇടഞ്ഞു നില്‍ക്കുന്ന കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രശാന്ത് ശിവനെ പാലക്കാട് ബിജപി പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വത്തിന് നഗരസഭയിലെ ഒന്‍പത് കൗണ്‍സിലര്‍മാരാണ് രാജികത്ത് നല്‍കാന്‍ ഒരുങ്ങിയത്. യുവമോര്‍ച്ച ജില്ല പ്രസിഡന്റായ പ്രശാന്ത് ശിവനെ ബിജെപി ജില്ല പ്രസിഡന്റ് ആക്കുന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ഇവരുടെ ആക്ഷേപം.

പ്രശാന്ത് ശിവനെ പ്രസിഡന്റായി പ്രഖ്യാപിച്ചാല്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ ബി ജെ പി ഭരിക്കുന്ന നഗരസഭ ഭരണം തുലാസിലാകുന്ന സ്ഥിതി വന്നതോടെയാണ് ആര്‍എസ്എസ് ഇടപെടല്‍. രാവിലെ 10 മണിക്ക് പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റിനെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസില്‍ വച്ചും വെസ്റ്റ് ജില്ല പ്രസിഡന്റിനെ ഉച്ചക്ക് 2.30ന് പാലക്കാട് വ്യാപാര ഭവനില്‍ വച്ചും പ്രഖ്യാപിക്കും.

അതേസമയം കൂടുതല്‍ കൗണ്‍സിലര്‍മാര്‍ കൂടി രാജി സൂചന നല്‍കിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം. കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോള്‍ ഉള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.