ലേബര്‍ ഗവണ്‍മെന്റ് എന്‍എച്ച്എസിനെ നന്നാക്കാന്‍ നടപടികള്‍ കൈക്കൊണ്ടുവെന്നാണ് പറയുന്നത്. എന്നാല്‍ സംഗതി എവിടെയും എത്തിയിട്ടില്ലെന്നാണ് രോഗികളുടെ നേരനുഭവം വെളിപ്പെടുത്തുന്നത്. പ്രായമായ രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളുടെ എ&ഇയിലെ കോറിഡോറില്‍ കാത്തുകെട്ടി കിടക്കുന്ന ചിത്രങ്ങളാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്.
ഡിപ്പാര്‍ട്ട്‌മെന്റിലെ ബെഡുകള്‍ ഒഴിവില്ലാതെ വന്നതോടെയാണ് രോഗികളെ ട്രോളികളില്‍ കോറിഡോറില്‍ കിടത്തിയത്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയാണെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി.
കെന്റ്, ആഷ്‌ഫോര്‍ഡിലെ വില്ല്യം ഹാര്‍വി ആശുപത്രിയിലെ അവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം വെളിപ്പെടുത്തുന്നത്. മകളുമായി ആശുപത്രിയില്‍ പോയപ്പോഴാണ് ഈ ഭീതിദമായ അവസ്ഥയ്ക്ക് സാക്ഷിയായതെന്ന് കെയറര്‍ സമാന്ത ഹോവ്‌സ് പറഞ്ഞു. 'ഇതുപോലൊരു കാര്യം മുന്‍പ് കണ്ടിട്ടില്ല. ആകെ വിഷമിച്ച് പോയി. പ്രായമായവര്‍ ഭയപ്പാടിലും, ആശയക്കുഴപ്പത്തിലുമായിരുന്നു. ആളുകള്‍ നടന്ന് പോകുമ്പോഴും ചികിത്സ നല്‍കിയിരുന്നു. 15-ലേറെ രോഗികളെ നോക്കാന്‍ ഒരു നഴ്‌സ് മാത്രമാണ് ഉണ്ടായത്', രണ്ട് മക്കളുടെ അമ്മയായ സമാന്ത പറഞ്ഞു.
നഴ്‌സുമാരുടെ അവസ്ഥയും ആശങ്കപ്പെടുത്തുന്നതാണന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായ ജോലിയും സമ്മര്‍ദവും നേരിടുകയാണ് നഴ്‌സുമാര്‍. ആളുകള്‍ക്ക് ഈ വിധം കാത്തിരിക്കേണ്ടി വരികയെന്നത് നാണക്കേടാണ്, സമാന്ത പറഞ്ഞു. കാലതാമസങ്ങളില്‍ ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് ഖേദം പ്രകടിപ്പിച്ചു.