
















രാജ്യത്തിന്റെ വളര്‍ച്ച ബജറ്റ് ഉപയോഗിച്ച് ത്വരിതപ്പെടുത്തുമെന്നായിരുന്നു ലേബര്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപനം. എന്നാല്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റിന് ശേഷം പല മേഖലകളും തളര്‍ച്ചയിലാണ്. നികുതി ഭാരം അടിച്ചേല്‍പ്പിക്കാനുള്ള നടപടികളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഇനി രാജ്യത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കുടിയേറ്റത്തെ ഉപയോഗിക്കാനാണ് ഗവണ്‍മെന്റ് 'പ്ലാന്‍'.
ഇതിന്റെ ഭാഗമായി ഹൈലി-സ്‌കില്‍ഡ് വിഭാഗത്തില്‍ വരുന്ന ജോലിക്കാരുടെ വിസാ നിബന്ധനകളില്‍ ഇളവ് നല്‍കുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. വിസാ റൂട്ടുകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ ഈ വര്‍ഷം ഇമിഗ്രേഷന്‍ ധവളപത്രം ഇറക്കാനാണ് മന്ത്രിമാര്‍ തയ്യാറെടുക്കുന്നത്. എഐ, ലൈഫ് സയന്‍സ് മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് ഇതില്‍ മുന്‍ഗണന ലഭിക്കും. 
ഇമിഗ്രേഷന്‍ കുറയ്ക്കുമെന്നാണ് ലേബര്‍ പ്രഖ്യാപനമെങ്കിലും ധനികരുടെയും, ഹൈലി-സ്‌കില്‍ഡ് ജോലിക്കാരുടെയും വരവിനെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം നേരിടുകയാണ് ഗവണ്‍മെന്റ്. 'എഐ, ലൈഫ് സയന്‍സ് പോലുള്ള മേഖലകളില്‍ കഴിവുറ്റവരെ പ്രോത്സാഹിപ്പിക്കാനായി വിസാ റൂട്ടുകള്‍ പുനരാലോചിക്കുകയാണ്. ബ്രിട്ടന്‍ ബിസിനസ്സുകള്‍ക്കായി തുറന്ന് കിടക്കുകയാണ്. ഞങ്ങള്‍ക്ക് മികച്ച യൂണിവേഴ്‌സിറ്റികളും, ലോകത്തിലെ മികച്ച സംരംഭകരുമുണ്ട്, എന്നിരുന്നാലും ആഗോള ടാലന്റും ഇവിടെ വേണം', ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി.
ചാന്‍സലറുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ഉയര്‍ന്ന വിസാ ഫീസും, കര്‍ശനമായ എംപ്ലോയര്‍ നിബന്ധനകളും നിലനില്‍ക്കുമ്പോള്‍ യുകെയിലേക്ക് വിദേശ ടാലന്റ് സ്വീകരിക്കാന്‍ ബിസിനസ്സുകള്‍ മടിച്ച് നില്‍ക്കുമെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.