ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ പിടിച്ചുകുലുക്കി വീണ്ടും ലൈംഗിക ആരോപണങ്ങള്‍. ലിവര്‍പൂള്‍ ബിഷപ്പിന് എതിരെ ലൈംഗിക ആരോപണങ്ങളുമായി രണ്ട് സ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ലിവര്‍പൂള്‍ ബിഷപ്പില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടതായി ഒരു സ്ത്രീയും, ലൈംഗിക അപമാനം നേരിട്ടതായി മറ്റൊരു സ്ത്രീയും അവകാശപ്പെടുന്നു. പരാതിക്കാരില്‍ ഒരാള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതാ ബിഷപ്പാണ്.
ചെംസ്ഫോര്‍ഡ് അതിരൂപതയില്‍ വെച്ച് വിവാഹിതയായ സ്ത്രീക്ക് 2019 മുതല്‍ 2023 വരെ കാലയളവില്‍ രണ്ട് തവണ ബിഷപ്പിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം നേരിട്ടതായാണ് ചാനല്‍ 4 അന്വേഷണം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്കി പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പര്യാപ്തമായ തെളിവില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിച്ചു. ഇതിന് ശേഷം ചാര്‍ജ്ജുകള്‍ ചുമത്തിയിരുന്നില്ല.
ലൈംഗിക ആരോപണ പരാതികള്‍ മറച്ചുവെച്ചെന്ന് ആരോപണം നേരിടുന്ന യോര്ച്ച് ആര്‍ച്ച്ബിഷപ്പ് സ്റ്റീഫന്‍ കോട്രെലിനൊപ്പം ബിഷപ്പ് പെരുമ്പളത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ചാനല്‍ പുറത്തുവിട്ട ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് ബിഷപ്പ് പെരുമ്പളത്ത് രംഗത്തെത്തി. ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കൂടാതെ തന്റെ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ ഏത് വിധത്തില്‍ കാണുമെന്ന ഗുരുതര പാഠമാണ് ഈ നടപടിക്രമങ്ങള്‍ നേരിട്ടതിലൂടെ മനസ്സിലാക്കിയതെന്നും ബിഷപ്പ് പറയുന്നു.
ബിഷപ്പ് തന്നെ ബലമായി പിടിച്ചെന്നും, ചുംബിച്ചെന്നുമാണ് ഒരു പരാതിക്കാരിയുടെ ആരോപണം. മറ്റൊരു തവണയും അക്രമം ആവര്‍ത്തിച്ചെന്നാണ് ഇവരുടെ അവകാശവാദം. പരാതിപ്പെട്ട മറ്റൊരു വനിതാ ബിഷപ്പിനോട് സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റ് ആളുകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലാണ് പ്രസ്തുത ആരോപണങ്ങളെന്ന് ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.