വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വംശവെറിയും, ലൈംഗികതയും നിറഞ്ഞ ആശയവിനിമയ കൈമാറ്റങ്ങളുടെ പേരില്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കിയ കീര്‍ സ്റ്റാര്‍മര്‍ ആ സ്ഥാനത്തേക്ക് നിയോഗിച്ചത് അതിലും വലിയ വിവാദ നിലപാടുകള്‍ ഉള്ള വ്യക്തിയെ. ഒരു ലിംഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായുള്ള ടോയ്‌ലെറ്റുകള്‍ വേണ്ടെന്നും, സ്ത്രീകള്‍ക്ക് പുരുഷലിംഗം ഉണ്ടാകാമെന്നും, ആളുകള്‍ക്ക് ലാമ മൃഗമെന്ന് സ്വയം തിരിച്ചറിയാവുന്നതാണെന്നും വരെ വിവാദ പ്രസ്താവനകള്‍ നടത്തിയ ആഷ്‌ലി ഡാല്‍ടണെയാണ് പുതിയ ആരോഗ്യ മന്ത്രിയായി അവരോധിച്ചിരിക്കുന്നത്.
ആന്‍ഡ്രൂ ഗൈ്വന് പകരമായി കൊണ്ടുവന്ന ഡാല്‍ടണെ കുറിച്ച് ചോദ്യങ്ങള്‍ നേരിടുകയാണ് പ്രധാനമന്ത്രി. വെസ്റ്റ് ലങ്കാഷയര്‍ എംപിയായ ഡാല്‍ടണ്‍ 'ട്രാന്‍സ് സ്ത്രീകള്‍ പുരുഷന്‍മാരല്ല, സ്ത്രീകളാണെന്ന്' നിലപാട് പങ്കുവെച്ചിരുന്നു. കൂടാതെ ഓരോ ലിംഗത്തിനും വ്യത്യസ്ത ടോയ്‌ലറ്റുകള്‍ വേണ്ടെന്നും പുതിയ ആരോഗ്യ മന്ത്രി നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഈ ചോദ്യങ്ങളില്‍ ഗവണ്‍മെന്റ് നിലപാടാണ് പ്രസക്തമെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവിന്റെ പ്രതികരണം. ലിംഗങ്ങള്‍ തിരിച്ചറിയുന്ന നിയമങ്ങള്‍ ആധുനികവത്കരിക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും റിഫോം യുകെയുടെ മുന്നേറ്റം പരിഗണിച്ച് ഈ പദ്ധതികള്‍ തല്‍ക്കാലത്തേക്ക് മന്ത്രിമാര്‍ മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം ലേബറിന്റെ വംശവെറിയും, ലൈംഗികതയും സംസാരിച്ചിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിലുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. ഈ ഗ്രൂപ്പിലെ എല്ലാവരും രാജിവെയ്ക്കണമെന്ന് മുതിര്‍ന്ന ലേബര്‍ എംപി ഡയാന്‍ ആബട്ട് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിയായിരുന്ന ആന്‍ഡ്രൂ ഗ്വിന്നിന് മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ ഒലിവര്‍ റയാന്‍ എംപിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗ്വിന്‍ ഉള്‍പ്പെടെ ലേബര്‍ എംപിമാര്‍ ആബട്ടിന്റെ ചരിത്ര നേട്ടത്തെ കുറിച്ച് വംശീയമായ തമാശകളാണ് ഗ്രൂപ്പില്‍ പങ്കുവെച്ചത്.