പുതിയ ജോലിക്കാരെ എടുക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവെച്ച് കമ്പനികള്‍. സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയും, ഉയരുന്ന ശമ്പള ബില്ലുകളും ചേര്‍ന്നാണ് ബിസിനസ്സുകളെ ഈ നിലപാടിലേക്ക് മാറ്റുന്നതെന്നാണ് പുതിയ സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്.
യുകെ ലേബര്‍ വിപണി ദുര്‍ബലമാകുന്ന സൂചനകളും കണ്‍സള്‍ട്ടന്‍സി കെപിഎംജിയും, ട്രേഡ് ബോഡി റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷനും ചേര്‍ന്ന് നടത്തിയ സര്‍വ്വെകള്‍ പുറത്തുവിടുന്നു. പെര്‍മനന്റ്, ടെമ്പററി ജോലികളില്‍ നിയോഗിക്കപ്പെടുന്ന ആളുകളുടെ എണ്ണം താഴുന്നത് ഫെബ്രുവരിയിലും തുടര്‍ന്നതായാണ് വ്യക്തമാകുന്നത്. ജനുവരിയിലെ വേഗതയില്‍ ആളുകളെ ജോലിക്കെടുക്കുന്നതില്‍ കുറവ് വന്നില്ലെന്നതാണ് ആശ്വാസം.
അതേസമയം തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി മറ്റൊരു സര്‍വ്വെ വ്യക്തമാക്കി. ഏപ്രില്‍ മാസത്തില്‍ ലേബര്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ആഘാതം നേരിടാനുള്ള ഒരുക്കത്തിലാണ് ബിസിനസ്സുകള്‍. ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം കാണാത്ത തരത്തിലുള്ള അവസ്ഥയാണ് ബിസിനസ്സുകള്‍ അഭിമുഖീകരിക്കുന്നതെന്ന് ബിഡിഒ വ്യക്തമാക്കുന്നു. ബിസിനസ്സുകളുടെ ശുഭാപ്തി വിശ്വാസം തുടര്‍ച്ചയായ അഞ്ചാം തവണയാണ് താഴുന്നത്.
സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ ആവശ്യം കുറയുന്നതായാണ് കെപിഎംജി, ആര്‍ഇസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫെബ്രുവരിയില്‍ ആകെ ഒഴിവുകളിലും കുറവ് വന്നിട്ടുണ്ട്. ഇതിനിടെ കൂടുതല്‍ ആളുകള്‍ക്ക് ജോലി നഷ്ടമായെന്നും, തൊഴില്‍ അന്വേഷകരുടെ എണ്ണം വര്‍ദ്ധിച്ചതായും, ശമ്പള സമ്മര്‍ദം തുടരുകയാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. പ്രാരംഭ ശമ്പളങ്ങള്‍ നാല് വര്‍ഷത്തിനിടെ മെല്ലെപ്പോക്കിലാണ് വര്‍ദ്ധന.
ഏപ്രില്‍ മുതലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച എംപ്ലോയേഴ്‌സിനുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ 25 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധന നിലവില്‍ വരിക. ഏപ്രില്‍ മുതല്‍ മിനിമം വേജിലെ 6.7% വര്‍ദ്ധനവും നിലവില്‍ വരും.