എന്‍എച്ച്എസ് ഇംഗ്ലണ്ടിലും, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുമായി ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് വെസ് സ്ട്രീറ്റിംഗ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
മഹാമാരി കാലത്ത് രൂപീകരിച്ച പല വിഭാഗങ്ങളും ജോലിക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരുന്നു. ഈ ഇരട്ടിപ്പ് കുറച്ച് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത് ചെലവുകള്‍ ചുരുക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ എന്‍എച്ച്എസില്‍ തന്റെ നിയന്ത്രണം കര്‍ശനമാക്കാനും, നികുതിദായകര്‍ക്ക് മെച്ചപ്പെട്ട മൂല്യം നല്‍കാനും, ഫ്രണ്ട്‌ലൈനില്‍ ചെലവഴിക്കാന്‍ പണം കണ്ടെത്താനും ഇതുവഴി സ്ട്രീറ്റിംഗ് ലക്ഷ്യമിടുന്നു.
മൂന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ബോര്‍ഡ് മെംബര്‍മാര്‍ കൂടി മാസത്തിന്റെ അവസാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ്, നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് എന്നിവരും രാജി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജൂലിയന്‍ കെല്ലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എമിലി ലോസണ്‍, ചീഫ് ഡെലിവെറി ഓഫീസര്‍ സ്റ്റീവ് റസല്‍ എന്നിവരാണ് സ്ഥാനം ഒഴിയുന്നത്.
ഹെല്‍ത്ത് സര്‍വ്വീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നേതൃതലത്തില്‍ നിന്നുമാണ് ഈ കൊഴിഞ്ഞുപോക്ക്. 2013-ല്‍ രാഷ്ട്രീയത്തില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനായി ടോറികള്‍ സ്ഥാപിച്ച എന്‍എച്ച്എസ് ഇംഗ്ലണ്ടിന് മേല്‍ തന്റെ വകുപ്പിന്റെ നിയന്ത്രണം സ്ഥാപിക്കാനാണ് സ്ട്രീറ്റിംഗ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് 4000 മുതല്‍ 6000 വരെ ജീവനക്കാരെ കുറച്ചിരുന്നു.