ജോലി ചെയ്യാന്‍ കഴിയാതെ തളര്‍ന്നുവീഴുന്നത് വരെ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി ബ്രിട്ടനിലെ സ്ത്രീകള്‍. 65 വയസ്സിന് മുകളില്‍ എത്തിയിട്ടും ജോലിയില്‍ തുടരുന്ന സ്ത്രീകളുടെ എണ്ണത്തിലാണ് വന്‍വര്‍ദ്ധന രേഖപ്പെടുത്തിയത്. 65 വയസ്സും, അതില്‍ കൂടുതലും പ്രായമുള്ള പത്തിലൊന്ന് സ്ത്രീകള്‍ ജോലി ചെയ്യുന്നത് റെക്കോര്‍ഡ് തോതില്‍ തുടരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതോടെയാണ് വിരമിക്കുന്നത് താങ്ങാന്‍ കഴിയാത്ത വിഷയമായി മാറിയതെന്ന് വിദഗ്ധര്‍ പറയുന്നു. പുരുഷന്‍മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേതും വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുവര്‍ക്കും ഈ പരിധി വീണ്ടും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
തങ്ങളുടെ പേരക്കുട്ടികളെ പരിപാലിച്ച് വീട്ടിലിരിക്കാമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഇപ്പോഴും പുലര്‍ച്ചെ എഴുന്നേറ്റ് ജോലിക്കായി പോകേണ്ടി വരുന്നത്. അതേസമയം പലരും ഇക്കാര്യത്തില്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ക്ക് വേറെ വഴിയില്ലാതെ ജോലി ചെയ്യേണ്ടി വരികയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
65 വയസ്സും, അതിന് മുകളിലും പ്രായത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 686,000 ആണ്. കഴിഞ്ഞ 12 മാസത്തിനിടെ 135,000 പേരുടെ വര്‍ദ്ധനവാണ് കണക്കുകളില്‍ രേഖപ്പെടുത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 608,000 തൊഴിലവസരങ്ങളുമായി ചേര്‍ന്ന് പോകുന്നതാണ് ഈ കണക്കുകള്‍. വിരമിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറിയത് ഒരു പ്രശ്‌നമാണെന്ന് മുന്‍ പെന്‍ഷന്‍സ് മന്ത്രി സ്റ്റീവ് വെബ്ബ് ചൂണ്ടിക്കാണിക്കുന്നു.