ആശുപത്രിയില്‍ വെച്ച് പരമാവധി നഴ്‌സുമാരെ കൊലപ്പെടുത്താനായി പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയ ചാവേറിന് ജയില്‍ശിക്ഷ മുഹമ്മദ് ഫാറൂഖാണ് 2023 ജനുവരിയില്‍ ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയത്. 2013-ലെ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിച്ച തരത്തിലുള്ള ബോംബാണ് ഫാറൂഖ് തയ്യാറാക്കിയത്. എന്നാല്‍ ഇതിന്റെ ഇരട്ടി സ്‌ഫോടകവസ്തുക്കള്‍ ഇയാള്‍ ഇതില്‍ നിറച്ചിരുന്നു.
ആശുപത്രിയില്‍ ബോംബുമായി എത്തിയ ഫാറൂഖിനെ തടഞ്ഞത് അവിടെയുണ്ടായിരുന്ന ഒരു രോഗിയുടെ സമചിത്തതയോടെയുള്ള ഇടപെടലാണ്. പ്രതിയുടെ ശിക്ഷാവേളയില്‍ നതാന്‍ ന്യൂബിയെന്ന ഈ രോഗി നടത്തിയ ഇടപെടലിനെ ജസ്റ്റിസ് ചീമാ ഗ്രബ് പേരെടുത്ത് പ്രശംസിച്ചു. ഫാറൂഖിനെ പറഞ്ഞ് സമാധാനിപ്പിച്ച് ബോംബ് പൊട്ടിക്കാതെ തടഞ്ഞത് ന്യൂബിയാണ്.
ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് ഫാറൂഖിന് ശിക്ഷ വിധിച്ചത്. 'ഒരു അസാധാരണക്കാരനായ സാധാരണക്കാരന്‍, അയാളുടെ മാന്യതയും ദയവുമാണ് 2023 ജനുവരി 20ന് ഒരു പ്രധാന ബ്രിട്ടീഷ് ആശുപത്രിയുടെ മറ്റേണിറ്റി വിംഗില്‍ വിതയ്ക്കുമായിരുന്ന ദുരന്തം തടഞ്ഞത്', ന്യൂബിയെ പ്രശംസിച്ച് കോടതി പറഞ്ഞു. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ അമേരിക്കന്‍ ബേസായ ആര്‍എഎഫ് മെന്‍വിത്ത് ഹില്ലിനെ അക്രമിക്കുകയായിരുന്നു ഫാറൂഖിന്റെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇവിടുത്തെ അതീവസുരക്ഷ മറികടക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്ലാന്‍ ബി'യായി ആശുപത്രിയിലേക്ക് എത്തിയത്.
ജനുവരി 20ന് പുലര്‍ച്ചെയാണ് ഫാറൂഖ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ എത്തുന്നത്. ഈ ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്നു പ്രതി. തന്റെ സഹജീവനക്കാരോടുള്ള ദേഷ്യമാണ് ഈ തെരഞ്ഞെടുപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. താന്‍ തീവ്രവാദി അക്രമത്തിന് ശ്രമിച്ചതല്ലെന്നാണ് ഫാറൂഖ് വാദിച്ചത്. കാര്‍ പാര്‍ക്കിലേക്ക് പരമാവധി നഴ്‌സുമാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഒരു ഓഫ്ഡ്യൂട്ടി നഴ്‌സിന് സന്ദേശം അയച്ചെങ്കിലും ഇത് കാണാന്‍ ഒരു മണിക്കൂറോളം വൈകിയതും ഫാറൂഖിന്റെ ശ്രമം പരാജയപ്പെടാന്‍ ഇടയാക്കി.
ഓണ്‍ലൈനിലൂടെയാണ് ഫാറൂഖ് സ്വയം തീവ്രവാദത്തിന് തലവെച്ചത്. അല്‍ ഖ്വായ്ദ മാന്വലിലെ വിവരങ്ങളാണ് ബോംബ് തയ്യാക്കാനായി ഉപയോഗിച്ചത്. ഫാറൂഖിന്റെ രീതികള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയാണ് കോടതി 37 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.