CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 5 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ 400 പൗണ്ട് വര്‍ദ്ധന വരുന്നു; പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്; സ്ഥിരീകരിച്ച് എഡ്യുക്കേഷന്‍ സെക്രട്ടറി; മെയിന്റനന്‍സ് ലോണുകളും ഉയരും; പ്രഖ്യാപനത്തില്‍ കൈയടിച്ച് യൂണിവേഴ്‌സിറ്റികള്‍

യൂണിവേഴ്‌സിറ്റികള്‍ക്ക് ഗുണകരമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ട് വരെ അധിക ഭാരമാണ് ഇതുമൂലം നേരിടുക

വിദേശ വിദ്യാര്‍ത്ഥികളെ കുറച്ച് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ തിരിച്ചടി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് യൂണിവേഴ്‌സിറ്റികളാണ്. സ്വദേശികളില്‍ നിന്നും ലഭിക്കുന്ന ഫീസ് മാത്രം ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല സ്ഥാപനങ്ങളും. ഈ ഘട്ടത്തിലാണ് വാര്‍ഷിക ഫീസ് വര്‍ദ്ധനയ്ക്ക് എഡ്യൂക്കേഷന്‍ സെക്രട്ടറി പച്ചക്കൊടി വീശിയത്. 

പണപ്പെരുപ്പത്തിന് ആനുപാതികമായി അടുത്ത രണ്ട് വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ദ്ധിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ വാര്‍ഷിക ഫീസായ 9535 പൗണ്ടിന് മുകളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സാധിക്കുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചു. ഇതിനൊപ്പം ട്യൂഷന്‍ ഫീ ലോണുകളും ഉയരും. 

ഓരോ അക്കാഡമിക് വര്‍ഷവും പണപ്പെരുപ്പത്തിനൊപ്പം മെയിന്റനന്‍സ് ലോണുകളും വര്‍ദ്ധിക്കുമെന്ന് ഫിലിപ്‌സണ്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രഖ്യാപനത്തെ യൂണിവേഴ്‌സിറ്റികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. 2024ന് മുന്‍പ് വരെയുള്ള ഏഴ് വര്‍ഷക്കാലം ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇത് യൂണിവേഴ്‌സിറ്റികള്‍ക്ക് നഷ്ടവും സമ്മാനിച്ചു. 

ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ വിസാ നിയമങ്ങള്‍ മാറിയതോടെ ഇതും തകരാറിലായി. ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2024/25 വര്‍ഷത്തില്‍ 43 ശതമാനം യൂണിവേഴ്‌സിറ്റികളും നഷ്ടത്തിലാണ്. 

യൂണിവേഴ്‌സിറ്റികള്‍ക്ക് ഗുണകരമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ട് വരെ അധിക ഭാരമാണ് ഇതുമൂലം നേരിടുക. വിദ്യാര്‍ത്ഥികളെ കടത്തിലാക്കുന്നതിന് പകരം ഗവണ്‍മെന്റ് ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമായിരുന്നുവെന്ന് സേവ് ദി സ്റ്റുഡന്റ് വെബ്‌സൈറ്റിലെ ടോം അലിംഗാം ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.