ബ്രിട്ടനില്‍ ശരിയത്ത് നിയമങ്ങള്‍ നടപ്പാക്കി വരുന്നുവെന്ന ആരോപണം ശക്തമാണ്. ഇതിനിടയിലാണ് ജൂത സമൂഹത്തെ ഒതുക്കുന്ന തരത്തിലേക്ക് ഒരു വിഭാഗം പ്രതിഷേധക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. ബര്‍മിംഗ്ഹാമില്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതില്‍ നിന്നും ഇസ്രയേല്‍ ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനമാണ് ഇപ്പോള്‍ ഞെട്ടലായി മാറുന്നത്.
ബ്രിട്ടനിലെ ജൂതസമൂഹത്തെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുന്നുവെന്ന ആശങ്കയാണ് ശക്തമാകുന്നത്. മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ഭീകരാക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇത്. യൂറോപ്പാ ലീഗ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയും, മക്കാബി ടെല്‍ അവീവും തമ്മിലാണ് പോരാട്ടം. അടുത്ത മാസം നടക്കുന്ന മത്സരം കാണാന്‍ ടെല്‍ അവീവ് ആരാധകര്‍ വരേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.
ഇസ്രയേല്‍ ആരാധകര്‍ പങ്കെടുത്താല്‍ അത് സമാധാനം നഷ്ടപ്പെടാന്‍ ഇടയാക്കുകയും, അക്രമങ്ങളിലേക്ക് പടരുകയും ചെയ്യുമെന്നാണ് പോലീസിന്റെ പക്ഷം. എന്നാല്‍ ഈ തീരുമാനം വിവാദമായതോടെ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തി. ബ്രിട്ടന്റെ തെരുവുകളില്‍ ജൂതവിരുദ്ധത അനുവദിക്കില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഇതിനിടെ നഗരത്തില്‍ ഇസ്രയേല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തെ പിന്തുണച്ച ബര്‍മിംഗ്ഹാം എംപി അയൂബ് ഖാനെ ലോസെല്‍സ് സെന്‍ഡ്രല്‍ മുസ്ലീം പള്ളിയില്‍ പ്രഭാഷകന്‍ കൈകൊടുത്താണ് സ്വീകരിച്ചത്. ഇസ്രയേല്‍ ആരാധകരെ തടഞ്ഞ തീരുമാനം തിരുത്താന്‍ മന്ത്രിമാര്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്.