കൂട്ടുകൂടുമ്പോള്‍ തനിക്കൊത്തവരുമായി കൂട്ടുണ്ടായില്ലെങ്കില്‍ ഭാവിയില്‍ വിഷമിക്കേണ്ടി വരും. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ആന്‍ഡ്രൂ രാജകുമാരന്‍. ജനിച്ച് പോയതിന്റെ പേരില്‍ രാജകുമാരമനായി വിലസിയ ഇയാള്‍ സൃഷ്ടിച്ച പലവിധ തലവേദനകളുടെ വിഷമത്തിനൊപ്പമാണ് ലൈംഗിക പീഡന കേസിലും പ്രതിയായത്. കോടികള്‍ ഇറക്കി കേസ് ഒതുക്കിയെങ്കിലും ഇതിന് വഴിയൊരുക്കിയ ശിക്ഷിക്കപ്പെട്ട കുട്ടിപ്പീഡകനുമായുള്ള ബന്ധത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ എത്രയൊക്കെ അനുഭവം ഉണ്ടായാലും പാഠം പഠിക്കില്ലെന്ന് വ്യക്തമായിരുന്നു.
ശതകോടീശ്വരന്റെ തനിനിറം വ്യക്തമായി അറിഞ്ഞിട്ടും അതിനൊപ്പം നില്‍ക്കാന്‍ മടികാണിക്കാത്ത ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ അലങ്കാരങ്ങളാണ് ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്. വിവാദങ്ങളുടെ പരമ്പരയില്‍ കുലുങ്ങാതിരുന്ന ആന്‍ഡ്രൂവിന് കഴിഞ്ഞ ആഴ്ചയിലെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതായത്. തന്റെ സകല രാജകീയ പദവികളും ഉപേക്ഷിക്കാന്‍ ഇതോടെ ഇയാള്‍ നിര്‍ബന്ധിതമായി.
ഡ്യൂക്ക് ഓഫ് യോര്‍ക്ക് എന്ന പേരില്‍ ഇനി അറിയപ്പെടില്ലെന്ന് വ്യക്തമാക്കിയ ആന്‍ഡ്രൂ ഓര്‍ഡര്‍ ഓഫ് ദി ഗാര്‍ടര്‍ മെംബര്‍ഷിപ്പും ഉപേക്ഷിച്ചു. റോയല്‍ വിക്ടോറിയ ഓര്‍ഡറിലെ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് പദവിയും ഒഴിവാക്കിയെങ്കിലും എലിസബത്ത് രാജ്ഞിയുടെ മകനായി പിറന്നത് കൊണ്ട് മാത്രം രാജകുമാരനായി തുടരും!
അതേസമയം മുന്‍ ഭര്‍ത്താവിനൊപ്പം വിന്‍ഡ്‌സറിലെ 30 ബെഡ്‌റൂമുള്ള റോയല്‍ ലോഡ്ജില്‍ വസിച്ചിരുന്ന സാറാ ഫെര്‍ഗൂസന് ഇനി ഡച്ചസ് ഓഫ് യോര്‍ക്ക് പദവി അവകാശപ്പെടാനാകില്ല. ചാള്‍സ് രാജാവിന്റെയും, മറ്റ് കുടുംബാംഗങ്ങളുടെയും സമ്മര്‍ദം ശക്തമായതോടെയാണ് ഈ നാണംകെട്ട പിന്‍മാറ്റം. 2022-ല്‍ തന്നെ ആന്‍ഡ്രൂവിന്റെ എച്ച്ആര്‍എച്ച് സ്ഥാനപ്പേര് റദ്ദാക്കി, പൊതു ഡ്യൂട്ടികളില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ വനവാസത്തിന് പോകാനുള്ള ഉപദേശം നാളുകളായി ഇയാള്‍ അവഗണിച്ചിരുന്നു.