ഒരു വശത്ത് തല്ലുന്നതിന്റെ വേദന മറക്കാന്‍ മറുഭാഗത്ത് തടവിയാല്‍ മതിയെന്ന് പഴമക്കാര്‍ പരിഹാസമായി പറഞ്ഞിരുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതാണ്ട് ആ വഴിക്കാണ് നീങ്ങുന്നത്. നികുതികള്‍ വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടാതെ തരമില്ലാത്ത അവസ്ഥയില്‍ ഈ വേദനയുടെ അസ്വസ്ഥത അറിയാതിരിക്കാന്‍ മറുഭാഗത്ത് കുടുംബ ബജറ്റുകളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാനാണ് റീവ്‌സിന്റെ നീക്കം.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി എനര്‍ജി ബില്ലുകളിലെ വാറ്റ് കുറയ്ക്കാനാണ് റീവ്‌സിന്റെ പദ്ധതി. ജീവിതച്ചെലവ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ കൃത്യമായി ലക്ഷ്യമിട്ടുള്ള നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള യത്‌നത്തിലാണ് അവര്‍.
നിലവില്‍ ഇന്ധന ബില്ലുകളില്‍ അഞ്ച് ശതമാനമാണ് വാറ്റ്. ഇത് ഒഴിവാക്കുന്നത് കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 86 പൗണ്ട് ലാഭം നല്‍കും. ഇത് നടപ്പാക്കാന്‍ ട്രഷറിക്ക് 1.75 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും. അതേസമയം ഈ കുറയ്ക്കലിന് പിന്‍പറ്റി മറ്റ് വാറ്റുകള്‍ ഉയര്‍ത്താന്‍ ചാന്‍സലര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വാറ്റിന്റെ പ്രധാന നിരക്ക് 1 ശതമാനം പോയിന്റ് മാത്രം ഉയര്‍ത്തിയാല്‍ വര്‍ഷത്തില്‍ 9.9 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഒഴുകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. എന്നാല്‍ ബജറ്റില്‍ ഇതത്തരമൊരു പ്രഖ്യാപനം ഉള്‍പ്പെടുത്തുന്നത് ഇന്‍കം ടാക്‌സ് ഉയര്‍ത്തുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. വ്യക്തികളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 3 ശതമാനം കുറവാണ് ഇത് മൂലം സൃഷ്ടിക്കപ്പെടുകയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് & സോഷ്യല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നു.