കഴിഞ്ഞ വീക്കെന്‍ഡില്‍ ജയില്‍ ഓഫീസര്‍മാര്‍ക്ക് നേരെ മാഞ്ചസ്റ്റര്‍ അരീനാ തീവ്രവാദി ഹാഷെം അബേദി അഴിച്ചുവിട്ട ഭയാനകമായ അക്രമണത്തിന് പ്രേരണയായത് കുപ്രസിദ്ധ വിദ്വേഷ പ്രാസംഗികനെന്ന് റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗങ്ങളിലൂടെ യാഥാസ്ഥിതികരെ ഇളക്കിവിടുന്ന അഞ്ചെം ചൗധരിയാണ് ബോംബാക്രമണ കേസിലെ കുറ്റവാളിയെ കൊണ്ട് ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
കൗണ്ടി ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡില്‍ തിളച്ച പാചക എണ്ണയും, സ്വയം ഉണ്ടാക്കിയ മൂര്‍ച്ചയുള്ള ആയുധവും ഉപയോഗിച്ചാണ് അബേദി മൂന്ന് വാര്‍ഡന്‍മാരെ അക്രമിച്ചത്. ഗുരുതര പരുക്കുകളാണ് ഓഫീസര്‍മാര്‍ക്ക് ഏറ്റത്. 28-കാരനായ അബേദിയും, മറ്റ് ജിഹാദി തീവ്രവാദികളും പാര്‍പ്പിച്ചിരുന്ന ഒറ്റപ്പെട്ട യൂണിറ്റിലാണ് 58-കാരനായ ചൗധരിയും നേരത്തെ തടങ്കലില്‍ കഴിഞ്ഞിരുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും ഓഫീസര്‍മാരെ അക്രമിക്കാന്‍ സുരക്ഷാ ജയിലിലും ഒരു തീവ്രവാദിക്ക് സാധിച്ചുവെന്നത് മാഞ്ചസ്റ്റര്‍ അരീനാ സ്‌ഫോടനത്തിലെ ഇരകളുടെ കുടുംബങ്ങളെയാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. ജീവന് വീണ്ടും അപകടം സൃഷ്ടിക്കാന്‍ ഹാഷെം അബേദിയെ അനുവദിച്ചുവെന്നത് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ജസ്റ്റിസ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അഞ്ച് കുടുംബങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ആജീവനാന്തം ഇൗ തീവ്രവാദിയെ ഒറ്റയ്ക്ക് പാര്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചുരുങ്ങിയത് 55 വര്‍ഷം ദൈര്‍ഘ്യമുള്ള ശിക്ഷ അനുഭവിക്കുന്ന 28-കാരന് സഹതടവുകാരില്‍ നിന്നും ഈ അക്രമത്തിന് ആവശ്യമായ സഹായം ലഭിച്ചുവെന്ന അനുമാനത്തിലാണ് പോലീസ് അന്വേഷണം. ചൂടുള്ള പാചക എണ്ണയാണ് ശനിയാഴ്ച ഇയാള്‍ ഓഫീസര്‍മാര്‍ക്ക് ഒഴിച്ചത്. ഇതിന് ശേഷമാണ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയും, വെട്ടുകയും ചെയ്തത്.
സംഭവത്തിന് പിന്നാലെ ജയില്‍ കിച്ചണുകളില്‍ ഏറ്റവും അപകടകാരികളായ ക്രിമിനലുകള്‍ക്ക് സ്വയം പാകം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം അബേദിയെ ഇപ്പോള്‍ എച്ച്എംപി ഫുള്‍ സട്ടണിലേക്ക് മാറ്റിയിട്ടുണ്ട്.