നാട്ടില്‍ ജയിലുകള്‍ സ്ഥാപിക്കുന്നത് സമൂഹത്തിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ വെറുതെപിടിച്ച് പൂട്ടിയിടാന്‍ മാത്രമല്ല, അവര്‍ക്ക് അതില്‍ നിന്നും സാധാരണ നിലയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കൂടിയാണ്. എന്നാല്‍ ഇതിലൊന്നും മാറ്റം സംഭവിക്കാത്ത തീവ്രവാദ മനസ്സുള്ളവരെ കൂടുതല്‍ നിയന്ത്രിക്കുന്നതിന് പകരം സകല സൗകര്യങ്ങളും ചെയ്ത് തീറ്റിപ്പോറ്റുകയാണ് ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ.
കഴിഞ്ഞ ശനിയാഴ്ച ബെല്‍മാര്‍ഷ് ജയിലില്‍ മൂന്ന് ജയില്‍ ജീവനക്കാരെ തിളച്ച എണ്ണയൊഴിച്ച ശേഷം കുത്തിപ്പരുക്കേല്‍പ്പിച്ച മാഞ്ചസ്റ്റര്‍ അരീനാ ബോംബാക്രമണത്തിലെ തീവ്രവാദിയെ ഇവിടേക്ക് തന്നെ മടക്കിയെത്തിച്ച് കൊണ്ടാണ് അധികൃതര്‍ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ജയില്‍ ഗാര്‍ഡുമാരെ അക്രമിക്കുന്ന പശ്ചാത്തലം ഉണ്ടായിട്ടും ഇവിടേക്ക് തന്നെ തിരിച്ചെത്തിച്ചത് സ്തംബ്ധരാക്കിയിട്ടുണ്ട്.
കഴിക്കാനായി പ്ലാസ്റ്റിക് സ്‌പോര്‍ക്ക് നല്‍കിയത് മാത്രമാണ് ആകെയുള്ള മാറ്റം. 2017-ല്‍ 22 പേരുടെ ജീവനെടുത്ത തീവ്രവാദി അക്രമണത്തില്‍ സഹോദരന്‍ സല്‍മാനെ സഹായിച്ച കുറ്റത്തിനാണ് 28-കാരനായ ഹാഷെം അബേദി 55 വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് വരുന്നത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ തടവുകാരില്‍ ഒരാളായി കണക്കാക്കുന്ന അബേദി കൗണ്ടി ഡുര്‍ഹാമിലെ അതീവ സുരക്ഷാ ജയിലിലാണ് ഗാര്‍ഡുമാരെ അക്രമിച്ചത്.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് അക്രമം സംഘടിപ്പിച്ചതെന്നാണ് സംശയം. മറ്റ് തീവ്രവാദ സഹതടവുകാര്‍ ജിമ്മില്‍ ഒത്തുകൂടി ജയില്‍ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച സമയത്താണ് അടുക്കളയില്‍ ഒറ്റയ്ക്കായ അബേദി അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ പ്ലാസ്റ്റിക് സ്‌പോര്‍ക്ക് നല്‍കി തിരിച്ചുവിട്ടത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഒരു ജയില്‍ വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കി.