സ്വന്തം അതിരൂപതയില്‍ നിന്നും 6000 പൗണ്ട് മോഷ്ടിച്ചതായി കുറ്റസമ്മതം നടത്തിയ വികാരി മദ്യപിച്ച് ലക്കുകെട്ട ശേഷം ബിഷപ്പിന് നേരെ അസഭ്യവര്‍ഷം നടത്തി. പുരോഹിതനായ മാത്യു മക്മുറേയാണ് ബ്ലാക്ക്‌ബേണ്‍ ബിഷപ്പ് ഫിലിപ്പ് നോര്‍ത്തിന് നേരെ അസഭ്യങ്ങള്‍ തൊടുത്തത്. സാത്താന്‍മാരാല്‍ ബിഷപ്പ് ബലാത്സംഗം ചെയ്യപ്പെടട്ടേയെന്ന് വരെ മാത്യൂ ആശംസിച്ചു.
ചര്‍ച്ച് ഫ്യൂണറല്‍ ഫണ്ടില്‍ നിന്നും പണം മോഷ്ടിച്ചതായി കുറ്റസമ്മതം നടത്തിയ ശേഷമായിരുന്നു ഈ രോഷപ്രകടനം. ബിഷപ്പ് നോര്‍ത്തിന് അയച്ച സന്ദേശങ്ങളിലാണ് 46-കാരന്‍ തന്റെ രോഷം അഴിച്ചുവിട്ടത്. പുരോഹിതസ്ഥാനം നഷ്ടപ്പെട്ട മക്മുറെയ്ക്ക് ജയില്‍ശിക്ഷ നല്‍കിയില്ലെങ്കിലും മദ്യപാനം ഉപേക്ഷിക്കാനും, 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് നടത്താനുമാണ് ഉത്തരവ്.
പ്രസ്റ്റണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയാണ് പ്രതിയുടെ മദ്യപാന, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ജയില്‍ശിക്ഷ നല്‍കാതെ വിട്ടത്. ബ്ലാക്ക്‌ബേണ്‍ ഡയസീസിലെ രണ്ട് ചര്‍ച്ചുകളായ സെന്റ് ജെയിംസ് ചര്‍ച്ച്, സെന്റ് പോള്‍സ് ചര്‍ച്ച് എന്നിവിടങ്ങളില്‍ നിന്നും 24 സംസ്‌കാര ചടങ്ങുകള്‍ക്കായി നല്‍കേണ്ടിയിരുന്ന 5972 പൗണ്ടാണ് ഈ മുന്‍ പുരോഹിതന്‍ കവര്‍ന്നത്.
ഫെബ്രുവരിയില്‍ കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ മോഷണക്കേസില്‍ കുറ്റക്കാരനാണെന്ന് മക്മുറെ സമ്മതിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധിക്കായി കാത്തിരിക്കവെയാണ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ഇയാള്‍ ബ്ലാക്ക്‌ബേണ്‍ ബിഷപ്പിനെ ബന്ധപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട ശേഷം ടെക്സ്റ്റ് സന്ദേശങ്ങളിലാണ് രോഷപ്രകടനം നടത്തിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് നിരവധി സന്ദേശങ്ങളാണ് ബിഷപ്പിന് അയച്ചത്. ഈ സംഭവത്തിലും താന്‍ തെറ്റ് ചെയ്തതായി ഇയാള്‍ സമ്മതിച്ചു. തന്റെ കക്ഷി ചെയ്ത തെറ്റുകളുടെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെന്നാണ് പ്രതിഭാഗം വക്കീല്‍ അറിയിച്ചത്.