കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ ടൂറിസ്റ്റുകളെ മതം ചോദിച്ച് വെടിവെച്ച് കൊന്നതിന്റെ ഞെട്ടലിലാണ് രാജ്യം. എന്നാല്‍ അതിലേറെ ഞെട്ടിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ലോകം വായിക്കുന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്. ജമ്മു കശ്മീരിലെ താഴ്‌വരയില്‍ സമാധാനപൂര്‍വ്വം നടന്ന സാധാരണ ജനങ്ങളെയാണ് നുഴഞ്ഞുകയറിയവരും, പ്രാദേശിക തീവ്രവാദികളും ചേര്‍ന്ന് വെടിവെച്ച് കൊന്നത്. എന്നാല്‍ ഈ 'സംഭവത്തെ' വെറും 'വെടിവെപ്പായും', 'തോക്കുധാരിയുടെ അക്രമം' മാത്രമായും പറഞ്ഞൊതുക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍.
26-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണം നടന്നിട്ടും അതിനെ 'ഭീകരര്‍ നടത്തിയ അക്രമമാണെന്ന്' വിശേഷിപ്പിക്കാന്‍ പോലും ഈ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. 'ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ ഉണ്ടായ അക്രമത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു' എന്നാണ് ലോകപ്രശസ്തമായ ബിബിസി തലക്കെട്ട് നല്‍കിയത്. ജനങ്ങള്‍ വെടിയേറ്റ് വീണതിന്റെയും, ഞെട്ടലിന്റെയും, കരച്ചിലിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അതെല്ലാം വെറും 'അക്രമത്തിലൊതുക്കി' ബിബിസി. മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരെന്ന് നാണമില്ലാതെ വിളിക്കാനും ബിബിസി തയ്യാറായി.
സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര അഭിപ്രായത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് ഓരോ തവണയും അവകാശപ്പെടുന്നവരാണ് ഗാര്‍ഡിയന്‍. അവര്‍ക്കാകട്ടെ 'തീവ്രവാദികളെന്ന് സംശയിക്കാന്‍' മാത്രമാണ് പറ്റിയത്. ആദ്യ റിപ്പോര്‍ട്ടില്‍ ഈ സംശയം ഇരിക്കട്ടെയെന്ന് കരുതാമെങ്കിലും ഇന്ത്യന്‍ ഭാഗത്ത് നിന്നും പാകിസ്ഥാനെതിരെ നടപടി ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍ ഇത് 'വെറും കശ്മീര്‍ അക്രമമായി' പരിണമിച്ചു. പൈന്‍ കാടുകളില്‍ നിന്നും ഓടിയെത്തിയ ആയുധധാരികള്‍ ജനങ്ങള്‍ക്ക് നേരെ വെടിവെച്ചെന്നാണ് ഗാര്‍ഡിയന് 'ഇതുവരെ' മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സ്‌കൈ ന്യൂസ് നല്‍കിയ തലക്കെട്ടില്‍ കശ്മീരില്‍ 'തീവ്രവാദി അക്രമം' എന്ന് കുറിച്ചെങ്കിലും ഇത് ഡബിള്‍ കൊട്ടേഷന്‍ നല്‍കിയാണ് എഴുതിയിട്ടുള്ളത്. കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സംശയിക്കുന്നു, അതുകൊണ്ട് തങ്ങളും ഈ സംശയത്തില്‍ തുടരുന്നുവെന്ന് സ്‌കൈ ന്യൂസ് വാര്‍ത്തയും സമ്മതിക്കുന്നു. ഭീകരാക്രമണം നടന്ന വാര്‍ത്തയിലും, ഇന്ത്യന്‍ പാക് അതിര്‍ത്തി അടയ്ക്കുന്ന വാര്‍ത്തയിലും ഈ 'ഡബിള്‍ കൊട്ടേഷന്‍' തുടരുന്നു.
ഇപ്പറഞ്ഞ പേരും പെരുമയുമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് കശ്മീരിലെ പഹല്‍ഗാമില്‍ സാധാരണക്കാര്‍ക്ക് എതിരായ ക്രൂരതയെ ഭീകരാക്രമണമായി തിരിച്ചറിയാനോ, വിശേഷിപ്പിക്കാനോ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പോലും കശ്മീര്‍ ഭീകരാക്രമണത്തെ പേരെടുത്ത് വിളിച്ച് അപലപിച്ചപ്പോഴും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് നേരം വെളുത്തിട്ടില്ല.