അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സഖ്യകക്ഷിയായിരുന്നിട്ട് കൂടി യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചാ 'ഷോക്ക്' നല്‍കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. യുകെ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യോഗങ്ങള്‍ക്കായി വാഷിംഗ്ടണിലെത്തിയ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും വളര്‍ച്ചാ ഷോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബെയ്‌ലി വ്യക്തമാക്കി. ഐഎംഎഫ് യുകെയുള്ള 2025-ലെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനത്തില്‍ നിന്നും 1.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിരുന്നു. താരിഫുകള്‍ പ്രഖ്യാപിക്കുന്നത് മുന്‍പ് കണക്കാക്കിയതിലും താഴേക്ക് വളര്‍ച്ച പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു.
ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തില്‍ എത്തിയത് മുതല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലയുറപ്പിക്കാന്‍ കഴിയാതെ ആടിയുലയുകയാണ്. ദേശീയ ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക് എത്തുകയും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെട്ടടങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ദൃശ്യമായത്.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നെഗറ്റീവ് കാഴ്ചപ്പാടാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നിരുന്നാലും ഫെബ്രുവരിയില്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ തിരിച്ചുവന്നത് ആശ്വാസമായിരുന്നു. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങള്‍ ഇത് അട്ടിമറിക്കുകയാണ്.