എന്ത് വന്നാലും ആണവ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ഇറാന്‍ നിലപാടിന് പിന്നാലെ ജീവന്‍ വേണമെന്നുള്ളവര്‍ തലസ്ഥാനമായ തെഹ്‌റാന്‍ വിട്ടുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അഞ്ചാം ദിവസവും അയവില്ലാതെ മുന്നേറുമ്പോഴാണ് തെഹ്‌റാനില്‍ നിന്നും പലായനം ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ആണവ ദ്ധതി സംബന്ധിച്ച് യുഎസുമായി കരാറില്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഇറാന്‍ മണ്ടത്തരമാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഞാന്‍ ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ അവര്‍ ഒപ്പുവെയ്‌ക്കേണ്ടതായിരുന്നു. എന്ത് നാണക്കേടാണിത്, മനുഷ്യജീവിതം വെറുതെ പാഴാക്കുകയാണ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇത് പല തവണ പറഞ്ഞതാണ്. എല്ലാവരും തെഹ്‌റാനില്‍ നിന്നും ഒഴിയണം', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് ഇസ്രയേല്‍ അക്രമണം കടുപ്പിക്കുന്നത്. തെഹ്‌റാനിലെ ഒരു ജില്ലയില്‍ നിന്നും താമസക്കാരോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ സൈന്യം അടിയന്തര നോട്ടീസ് നല്‍കിയിരുന്നു. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ അക്രമങ്ങള്‍ക്ക് ശേഷം ഗാസയില്‍ തിരിച്ചടിച്ചപ്പോള്‍ സ്വീകരിച്ച അതേ രീതിയാണ് ഐഡിഎഫ് തെഹ്‌റാനിലും ആവര്‍ത്തിക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവ് അയാത്തൊള്ളാ അലി ഖമനേനിയെ വധിക്കാന്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ഖമനേനിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു എബിസി ന്യൂസിനോട് പറഞ്ഞു. 'ഇറാന് യുദ്ധം തുടര്‍ന്നുപോകാനാണ് ആഗ്രഹം. അവര്‍ ആണവ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ്. ഇസ്രയേല്‍ ഇത് തടയാനാണ് ശ്രമിക്കുന്നത്. പിശാചുക്കളുടെ സൈന്യത്തിനെതിരെ നിലകൊണ്ടാല്‍ മാത്രമാണ് ഇത് സാധിക്കുക', നെതന്യാഹു പറഞ്ഞു.